കൊടുവള്ളി: മകനെ ജൂവലറിയില്‍ ഉപേക്ഷിച്ച് 24 കാരി കടന്ന് കളഞ്ഞു. പാലക്കാട്ടെ ഒരു ജൂവലറിയിലാണ് മൂന്ന്‍വയസുകാരനെ യുവതി ഉപേക്ഷിച്ചത്. കിഴക്കോത്ത് എളേറ്റില്‍ വട്ടോളി സ്വദേശിനിയാണ് യുവതി. യുവതിയോടൊപ്പം താമരശ്ശേരി സ്വദേശിയായ 25 കാരനേയും കാണാതായിട്ടുണ്ട്.

ജനുവരി 10 നാണ് ഭാര്യയേയും കുഞ്ഞിനേയും കാണാനില്ലെന്ന പരാതി ഭര്‍ത്താവ് കൊടുവള്ളി പൊലീസില്‍ നല്‍കുന്നത്. പൊലീസ് അന്വേഷണത്തില്‍ യുവതി കാസര്‍ഗോഡ്, ബെംഗളൂരു, ചെന്നൈ എന്നിവടങ്ങളില്‍ എത്തിയിരുന്നതായി വിവരം ലഭിച്ചു. യുവാവും യുവതിയും കുട്ടിയെ ജൂവലറിയില്‍ ഉപേക്ഷിച്ച് കടന്നുകളയുന്ന ദൃശ്യങ്ങള്‍ ജൂവലറിയിലെ സിസിടിവിയില്‍ നിന്ന് ലഭ്യമായി.

ശനിയാഴ്ച യുവതി ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെടുകയും കുട്ടിയെ പാലക്കാട്ടെ ഒരു ജൂവലറിയില്‍ ഉപേക്ഷിച്ചതായും പറഞ്ഞു.
തുടര്‍ന്ന് പാലക്കാട് സൗത്ത് പൊലീസ് കുട്ടിയെ കണ്ടെത്തുകയും കൊടുവള്ളി പൊലീസ് പാലക്കാട്ടെത്തി കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു.