12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ അച്ഛനെ കൊലപ്പെടുത്തിയത് മരിച്ചത് ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നെന്ന് എല്ലാവരേയും വിശ്വസിപ്പിച്ചു
മാഞ്ചസ്റ്റര്: കുട്ടിക്കാലം തൊട്ട് അച്ഛന്റെ ബലാത്സംഗത്തിനിരയായ ബാര്ബറ കോംബ്സ് അറുപത്തിമൂന്നാം വയസ്സിലാണ് ഞെട്ടിക്കുന്ന പല രഹസ്യങ്ങളും ലോകത്തോട് വിളിച്ചുപറയുന്നത്. 12 വര്ഷങ്ങള്ക്ക് മുമ്പാണ് ബാര്ബറ വൃദ്ധനായ അച്ഛനെ തലയ്ക്കടിച്ചും കഴുത്ത് മുറിച്ചും കൊലപ്പെടുത്തിയത്. പിന്നീട് ആരും അറിയാതെ വീട്ടുവളപ്പില് തന്നെ കുഴിച്ചുമൂടി.
ഏറ്റവും അടുത്ത ബന്ധുക്കളോട് കോംബ്സ് ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്ന്നാണ് മരിച്ചതെന്ന് വിശ്വസിപ്പിച്ചു. എന്നാല് അച്ഛനെ കൊലപ്പെടുത്തിയ വിവരം ബാര്ബറ തന്നെയാണ് ഇപ്പോള് നിയമത്തിന് മുമ്പില് തുറന്ന് സമ്മതിച്ചിരിക്കുന്നത്.
വര്ഷങ്ങളായി തന്നെ 'സെക്സ് സ്ലേവ്' ആയിട്ടാണ് അച്ഛന് കണ്ടിരുന്നതെന്നും എന്നാല് ഇതിന് പ്രതികാരമായിട്ടല്ല നികൃഷ്ടമായ കുറ്റകൃത്യം ചെയ്തതെന്നും ബാര്ബറ കോടതിയില് വ്യക്തമാക്കി. നൂറിലധികം തവണ തന്നെ ബലാത്സംഗം ചെയ്ത അച്ഛനെ പെട്ടെന്നൊരു ദിവസം കൊല്ലാനുണ്ടായ പ്രേരണ മറ്റൊന്നായിരുന്നുവെന്ന് ബാര്ബറ വിശദീകരിച്ചു.
തോട്ടത്തിലെ പതിവ് ജോലികള്ക്കിടയില് അല്പനേരത്തെ വിശ്രമത്തിന് വേണ്ടി വീട്ടിനകത്തേക്ക് കയറിയ നേരത്ത് ആകസ്മികയാണ് അച്ഛന്റെ പക്കലുണ്ടായിരുന്ന ചെറിയ ഒരു പെട്ടി കയ്യില് വന്നത്. എന്താണെന്നറിയാനായി പെട്ടി തുറന്നപ്പോള് ഞെട്ടിപ്പോയി. സ്വന്തം ചിത്രമുള്പ്പെടെ നിരവധി കുഞ്ഞുങ്ങളുടെ നഗ്ന ചിത്രങ്ങള്. കുട്ടിക്കാലത്ത് എപ്പോഴോ എടുത്തതായിരിക്കണം.
വര്ഷങ്ങളായി അച്ഛന്റെ ലൈംഗിക പീഡനങ്ങള്ക്ക് ഇരയായി ജീവിക്കേണ്ടി വന്നതിനേക്കാള് രോഷം തോന്നി അപ്പോഴെന്ന് ബാര്ബറ പറയുന്നു. പിന്നീട് കൂടുതലൊന്നും ചിന്തിച്ചില്ല. തോട്ടത്തിലിറങ്ങി മണ്വെട്ടിയെടുത്ത് കൊണ്ടുവന്ന് അച്ഛന്റെ തലയ്ക്കടിച്ചു. നിരവധി തവണ അടിക്കുകയും തുടര്ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു.
വര്ഷങ്ങളായി പീഡനം നേരിട്ട് മാനസികാവസ്ഥ തകരാറിലായതാണ് ബാര്ബറയെ കൊലപാതകം ചെയ്യാന് പ്രേരിപ്പിച്ചതെന്നും എന്നാല് ഇക്കാരണത്താല് കുറ്റം, കുറ്റമല്ലാതാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. തെറ്റ് ഏറ്റുപറഞ്ഞ ബാര്ബറയ്ക്ക് 9 വര്ഷത്തെ തടവാണ് കോടതി വിധിച്ചത്.
