ജാർഖണ്ഡിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് കോക്റോച്ച് ജനത പാർട്ടി. സിജെപി പ്രതിനിധികൾ ജാർഖണ്ഡിലെത്തി വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ചു. വിദ്യാർത്ഥികൾക്ക് പൂർണ പിന്തുണ നൽകുന്നതായി സിജെപി വക്താവ് അഷുതോഷ് രംഗ പറഞ്ഞു.
റാഞ്ചി: ജാർഖണ്ഡിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്തുണയുമായി കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രവർത്തകർ എത്തി. സിജെപി പ്രതിനിധികളായ മുകേഷ്, ആകാശ് ഷിൻഡെ എന്നിവരാണ് ജാർഖണ്ഡിൽ എത്തി പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് സിജെപി പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി സിജെപി വക്താവ് അഷുതോഷ് രംഗ പറഞ്ഞു. സിജെപി പ്രതിനിധി സംഘം എല്ലാ തരത്തിലുള്ള പിന്തുണയും വിദ്യാർത്ഥികൾക്ക് നൽകുമെന്നും അഷുതോഷ് രംഗ അറിയിച്ചു.
സംസ്ഥാനത്തെ റിക്രൂട്ട്മെൻ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർച്ചയിൽ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ ജാർഖണ്ഡ് സർക്കാർ വിവിധ സംഘടനകളുമായി ശനിയാഴ്ച ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. മന്ത്രിമാരടക്കം ഉൾപ്പെട്ട അഞ്ചംഗ പാനലാണ് ജാർഖണ്ഡ് ലോക്താന്ത്രിക് ക്രാന്തികാരി മോർച്ച (ജെഎൽകെഎം) നേതാവ് ദേവേന്ദ്ര നാഥ് മഹ്തോ നേതൃത്വം നൽകുന്ന പ്രതിഷേധക്കാരുമായി ചർച്ച നടത്തിയത്. പിന്നീട് സർക്കാർ പ്രതിനിധി സംഘം, കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ എൻഎസ്‍യുഐ, എസിഎസ്, ജെഎസിഎം എന്നീ സംഘടനകളുടെ ഭാരവാഹികളുമായും ചർച്ച നടത്തി. വെള്ളിയാഴ്ച രാത്രി ജെപിഎസ്‍സി/ജെഎസ്‍എസ്‍സി റിഫോംസ് മഞ്ചുമായും ചർച്ച നടത്തിയിരുന്നു.
പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ ന്യായമാണെന്നും ഇക്കാര്യങ്ങൾ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ മുന്നിൽ അവതരിപ്പിക്കുമെന്നും പ്രതിഷേധക്കാരുമായി ചർച്ച നടത്തിയ മന്ത്രി സഞ്ജയ് പ്രസാദ് യാദവ് പറഞ്ഞു. ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) യുടെ വിദ്യാർത്ഥി സംഘടനയായ ജാർഖണ്ഡ് ഛാത്ര മോർച്ച (ജെസിഎം) അടക്കം വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചത് സർക്കാരിനെ സമ്മർദത്തിലാക്കിയിട്ടുണ്ട്.
14-ാമത് ജാർഖണ്ഡ് പിഎസ്‍സി സിവിൽ സർവീസസ് പരീക്ഷ റദ്ദാക്കണമെന്നതടക്കം അഞ്ചിന ആവശ്യങ്ങൾ ജെസിഎം സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്. മുഴുവൻ ജെപിഎസ്‍സി, ജെഎസ്‍എസ്‍സി പരീക്ഷകളിലും സിഐഡി അന്വേഷണം നടത്തണമെന്നതടക്കം ആറ് ആവശ്യങ്ങളാണ് എൻഎസ്‍യുഐ മുന്നോട്ടുവെച്ചിരിക്കുന്നത്. അതേസമയം ദേവേന്ദ്ര നാഥ് മഹ്തോയുടെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചു.


