കാട്ടാക്കട : വിവാഹത്തിനെ എതിര്‍ത്ത കാമുകന്‍റെ പിതാവിനെ ആക്രമിക്കാന്‍ വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ കാമുകി കൊലക്കേസ് പ്രതികള്‍ക്ക് ക്വട്ടേഷന്‍ നല്‍കി. 45,000 രൂപയുടെ ക്വട്ടേഷനില്‍ അക്രമിസംഘം കാമുകന്‍റെ പിതാവിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് വീഴ്ത്തി അടിച്ചവശനാക്കി. കെ.എസ്.ആര്‍.ടി.സി ആര്യനാട് ഡിപ്പോയിലെ ഡ്രൈവറായ കോട്ടൂര്‍ ചമതമൂട് സബൂറാ മന്‍സിലില്‍ എം.ഷാഹുല്‍ ഹമീദിന് നേരെ പുലര്‍ച്ചെ അഞ്ചരയോടെ കോട്ടൂര്‍ ഉത്തരംകോട് സ്‌കൂളിനു സമീപം വച്ചാണ് ആക്രമണമുണ്ടായത്. 

ഇക്കഴിഞ്ഞ ആഗസ്റ്റ് പത്തൊന്‍പതാം തീയതിയാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ അഞ്ചു മുപ്പതിന് ഡ്യൂട്ടിക്ക് ബൈക്കില്‍ പോകുകയായിരുന്ന ഷാഹുല്‍ഹമീദിനെ മുളകു പൊടിയെറിഞ്ഞശേഷം ആക്രമിക്കുകയായിരുന്നു. കേസില്‍ മുഖ്യപ്രതിയായ റംസി എന്ന യുവതി ഒളിവിലാണ്. ആറംഗ സംഘം പോലീസ് പിടിയിലായി. 

വെഞ്ഞാറമൂട് കോലിയക്കോട് വേളാവൂര്‍ നുസൈഫ മന്‍സിലില്‍ അന്‍സര്‍ (27) പിരപ്പന്‍കോട് ഹാപ്പിലാന്‍ഡ് റോഡില്‍ മാങ്കഴി ഏഞ്ചല്‍ ഭവനില്‍ കോഴി ബിനു എന്ന ബിനു (32), കുടപ്പനക്കുന്ന് നാലാഞ്ചിറ കോളേജ് സ്റ്റോപ്പില്‍ കഴക്കോട്ടുകോണം വീട്ടില്‍ പ്രമോദ് (36) കേശവദാസപുരം കവടിയാര്‍ എന്‍ എസ് പി നഗറില്‍ വീട്ടുനമ്പര്‍ 176 തെങ്ങുവിള വീട്ടില്‍ കിച്ചു എന്ന ശബരി (25), കേശവദാസപുരം കവടിയാര്‍ കെ.കെ.ആര്‍.എ നഗറില്‍ അനീഷ് നിവാസില്‍ അനീഷ് (25) ,കേശവദാസപുരം എന്‍ എസ് പി നഗറില്‍ റഫീഖ് മന്‍സിലില്‍ തന്‍സീര്‍ (29) എന്നിവരടങ്ങുന്ന കൊട്ടേഷന്‍ സംഘത്തെയാണ് നെയ്യാര്‍ഡാം പോലീസ് അറസ്റ്റ് ചെയ്തത്. 

മുഖ്യ പ്രതിയായ റംസി ഒളിവില്‍ പോകുകയും ഹൈകോടതിയില്‍ മുന്‍‌കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. റംസിക്കായുള്ള അന്വേഷണം പോലീസ് ഊര്ജിതപ്പെടുത്തി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികള്‍ പിടിയിലാകുകയായിരുന്നു. നെടുമങ്ങാട് ഡി.വൈ.എസ്.പി ദിനില്‍, ആര്യനാട് സി ഐ അനില്‍ കുമാര്‍,നെയ്യാര്‍ഡാം എസ് ഐ സതീഷ് കുമാര്‍,സി.പി.ഓ ഷിബു,അനില്‍, വനിതാ സി.പി.ഒ രമ്യ എന്നിവരുള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചത്.