
സമരം പരാജയപ്പെട്ടെന്നും സര്‍ക്കാരും ഹാരിസണും ഒത്തുകളിച്ച് സമരക്കാരെ ഭിന്നിപ്പിച്ചെന്നും പറഞ്ഞ് കഴിഞ്ഞയാഴ്ചയാണ് ളാഹ ഗോപാലന്‍ ചെങ്ങറ വിട്ടത്. ഇനി ചെങ്ങറക്കില്ലെന്ന് വ്യക്തമാക്കിയ ളാഹ ഗോപാലന്‍ പത്തനംതിട്ടയിലുള്ള സാധുജന വിമോജന സംയുക്തവേദിയുടെ ഓഫീസില്‍ കഴിയുകയാണ്. ഹാരിസണിന്റെ കയ്യില്‍നിന്ന് പണം മേടിച്ച ചില സമരക്കാര്‍ തങ്ങളെ ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന് ളാഹ ഗോപാലന്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ തള്ളിക്കളയുകയാണ് നിലവില്‍ ചെങ്ങറയിലുള്ളവര്‍. പണം വാങ്ങിയത് ളാഹ ഗോപാലനാണെന്നും ഇത് ചോദ്യം ചെയ്യുന്നവരെ ളാഹ ഗോപാലന്റെ ഗുണ്ടകള്‍ ആക്രമിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ചെങ്ങറ സമരം അതിന്റെ ഒമ്പതാം വര്‍ഷത്തിലെത്തുമ്പോള്‍ നേതാക്കള്‍ക്കിടയിലുള്ള തര്‍ക്കം പ്രസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പലര്‍ക്കും ഇപ്പോഴും ഭൂമി കിട്ടിയിട്ടില്ല. പാളയത്തിലെ പട രൂക്ഷമായതോടെ ഇനി എത്രത്തോളം മുന്നോട്ടുപോകാനാകുമെന്നത് വലിയ ചോദ്യമായി അവശേഷിക്കുന്നു.
