റോഡ് വീതികൂട്ടാനെന്ന പേരില്‍ സ്വകാര്യവ്യക്തികള്‍ മണ്ണിടിച്ചതാണ് വിവാദമായിരിക്കുന്നത്
വയനാട്: അപകടങ്ങള്ക്ക് ഒപ്പം വിവാദങ്ങളും ഒഴിയാതെ കോഴിക്കോട് മൈസൂര് ദേശീയപാതയില് വൈത്തിരിക്കടുത്തുള്ള ലക്കിടി വളവ്. രണ്ട് വിദ്യാര്ത്ഥികളുടെ അപകട മരണമായിരുന്നു വിവാദങ്ങള്ക്ക് തുടക്കമിട്ടത്. വിദ്യാര്ത്ഥികളുടെ മരണത്തിന് ശേഷം വളവ് നിവര്ത്തണമെന്ന ആവശ്യവുമായി പഞ്ചായത്ത് അധികൃതര് തന്നെ രംഗത്ത് എത്തുകയായിരുന്നു. മാത്രമല്ല വളവിലെ കാടുവെട്ടിത്തെളിച്ചതിനോടൊപ്പം പഞ്ചായത്തധികൃതര് റോഡിന് വശത്തുള്ള മണ്തിട്ടയും നീക്കാന് ആരംഭിച്ചു.
ഇതോടെ തങ്ങളുടെ അനുമതിയില്ലാതെ പാതയോരം നിരപ്പാക്കുന്നതിനെതിരെ ദേശീയ പാതാ ഉദ്യോഗസ്ഥര് രംഗത്ത് വന്നു. പ്രവൃത്തി നിര്ത്തിവെപ്പിക്കുകയും ചെയ്തു. തര്ക്കം മുതലെടുത്ത് ചിലര് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ലോഡ് കണക്കിന് മണ്ണിടിച്ച് സ്വകാര്യ വ്യകതിയുടെ സ്ഥലത്ത് കൊണ്ടുപോയി ഇടുകയുമായിരുന്നു. മണ്ണ് കടത്തുന്നത് കൈയോടെ പിടികൂടിയ ദേശീയപാത ഉദ്യോഗസ്ഥര് ഇവര്ക്കെതിരെ വൈത്തിരി പോലീസില് പരാതി നല്കി. ഇതോടെ ഇടിച്ചിട്ട മണ്ണ് വളവില് തന്നെയായി. ഇത് കൂടുതല് അപകടകെണിയായി മാറി. കൂനയാക്കിയിട്ട മണ്ണ് നീക്കം ചെയ്യാത്തത് കാരണം ഇവിടെ വീണ്ടും അപകടങ്ങളേറുകയാണ്.
മീറ്ററുകള് ഉയരത്തില് നിന്നാണ് റോഡിലേക്ക് മണ്ണ് ഇടിച്ചിട്ടിരിക്കുന്നത്. മണ്കൂന കാഴ്ച മറച്ചത് കാരണം രണ്ട് വാഹനാപകടങ്ങളുമുണ്ടായി. ഇതിനിടെ മണ്ണ് കടത്തിയ സ്വകാര്യവ്യക്തികള് നഷ്ടപരിഹാരം നല്കി പ്രശ്നം ഒതുക്കാന് ശ്രമിച്ചെങ്കിലും ദേശീയ പാത ഉദ്യോഗസ്ഥര് കേസുമായി മുന്നോട്ടുപോകുകയാണ്. കാട് വെട്ടാന് കിട്ടിയ അനുമതിയില് മണ്ണ് നികത്താന് ശ്രമിച്ച പഞ്ചായത്ത് അധികൃതരാകട്ടെ പ്രശ്നത്തില് നിന്ന് തടിയൂരിയ മട്ടാണ്. ഉടന് നീക്കം ചെയ്തില്ലെങ്കില് മഴയില് ഏത് നിമിഷവും മണ്കൂന വാഹനങ്ങളുടെ മേല് പതിക്കും. യന്ത്രം ഉപയോഗിച്ച് വലിയ തോതില് മണ്ണിടിച്ചതിനാല് ബാക്കിയുള്ള മണ്ത്തിട്ട ഇടിഞ്ഞുവീഴാനുള്ള സാധ്യത ഏറെയാണെന്ന് പൊതുമരാമത്ത് വകുപ്പ് എന്ജിനീയര് പറഞ്ഞു.
