ഉച്ചക്ക് 12.30യോടെ പിണറായിയില്‍ എത്തിയ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിതാ കുമാര മംഗലം സിപിഎം ബോംബേറിലും ആക്രമണങ്ങളിലും കേടുപാടുകള്‍ സംഭവിച്ച വീടുകളില്‍ എത്തി വീട്ടുകാരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു..പരിക്ക് പറ്റിയവരില്‍ നിന്നും നേരിട്ട് കാര്യങ്ങള്‍ മനസ്സിലാക്കി,തുടര്‍ന്ന് പുത്തന്‍കണ്ടത്തും പരിസരത്തുമുള്ള വീടുകളിലും സന്ദര്‍ശനം നടത്തി..മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ ഇത്തരത്തില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത് അപലപനീയമാണെന്ന് ലളിതാ കുമാര മംഗലം പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം ജില്ലയില്‍ വ്യാപകമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അക്രമം നടന്നെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പരാതിയെത്തുടര്‍ന്നാണ് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷയുടെ സന്ദര്‍ശനം..അതേസമയം പിണറായിയല്‍ ആഹ്ലാദ പ്രകടനത്തിനിടെ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ രവീന്ദ്രന്‍റെ കുടുംബവും വനിതാ കമ്മീഷന അധ്യക്ഷയെ കാണാന്‍ എത്തുകയും പരാതി നല്‍കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ നാട്ടില്‍ ദേശീയ വനിതാ കമ്മീഷന അധ്യക്ഷയുടെ സന്ദര്‍ശനത്തോടെ സിപിഎം അക്രമങ്ങള്‍ക്ക് ദേശീയ തലത്തില്‍ ശ്രദ്ധകൊടുക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.