റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയിലില്‍ കഴിയുന്ന ബീഹാര്‍ മുന്‍മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് പുതിയ പരാതിയുമായി രംഗത്ത്. തന്നെ ഒരു സാധാരണക്കാരനെ പോലെയാണ് ജയിലില്‍ കണക്കാക്കുന്നതെന്നും ജയിലിലെ സുഖം പോരെന്നും ലാലു പരാതിപ്പെട്ടു. എന്നാല്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നായിരുന്നു കോടതിയില്‍ ജഡ്‍ജി ഇതിന് മറുപടി പറഞ്ഞത്. അതേസമയം ലാലു പ്രസാദ് യാദവിനെ പരിചരിക്കാന്‍ ജയിലില്‍ കടന്നുകൂടിയ രണ്ട് സഹായികളും ജയിലില്‍ നിന്ന് പുറത്തായി. ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കള്ളക്കേസാണെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.

അതേസമയം പാര്‍ട്ടി പ്രവര്‍ത്തകരെ കാണാന്‍ കഴിയുന്നില്ലെന്ന ലാലുപ്രസാദ് യാദവിന്റെ അഭിപ്രായം കോടതി പരിഗണിച്ചു. ലാലുവിനെ തുറന്ന ജയിലിലേയ്‌ക്ക് അയക്കാമെന്ന് സിബിഐ കോടതി ജഡ്ജി ശിവ്പാല്‍ സിങ്അഭിപ്രായപ്പെട്ടു. ജയില്‍ നിയമങ്ങള്‍ പാലിക്കണമെന്നും അത് തെറ്റിച്ചുകൊണ്ടുള്ള സന്ദര്‍ശനങ്ങള്‍ അനുവദിക്കാനാകില്ലെന്നുമായിരുന്നു കോടതിയുടെ നിലപാട്. അതുകൊണ്ടുതന്നെ തുറന്ന ജയിലിലേക്ക് മാറ്റാമെന്നും ജ‍ഡ്ജി അഭിപ്രായപ്പെട്ടു. അതേസമയം ജയില്‍ ശിക്ഷ രണ്ടര വര്‍ഷമാക്കി കുറയ്‌ക്കണമെന്ന് ലാലു കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജഡ്ജി അറിയിച്ചു.