നായയുടെ കുരയും കൊതുകു കടിയും ആശുപത്രിയിലെ മുറി മാറ്റണമെന്ന ആവശ്യവുമായി ലാലു പ്രസാദ് യാദവ്.  ജയിലില്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ലാലു പ്രസാദ് യാദവിനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി മുറിയ്ക്ക് വൃത്തി രഹിതമാണെന്നും കൊതുകു ശല്യം രൂക്ഷമാണെന്നും ലാലു പ്രസാദ് യാദവ്

റാഞ്ചി: നായയുടെ കുരയും കൊതുകു കടിയും ആശുപത്രിയിലെ മുറി മാറ്റണമെന്ന ആവശ്യവുമായി ലാലു പ്രസാദ് യാദവ്. ജയിലില്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി മുറിയ്ക്ക് വൃത്തി രഹിതമാണെന്നും കൊതുകു ശല്യം രൂക്ഷമാണെന്നും ലാലു പ്രസാദ് യാദവ് വിശദമാക്കി. ആശുപത്രി ഡയറക്ടറിന് മുറി മാറ്റി നല്‍കണമെന്ന ആവശ്യം എഴുതി നല്‍കിയിട്ടുണ്ടെന്ന് ലാലു പ്രസാദ് യാദവ് വ്യക്തമാക്കി. 

കടുത്ത അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച ലാലുവിന്റെ അണുബാധ രൂക്ഷമാക്കുന്നതാണ് ആശുപത്രിയിലെ അന്തരീക്ഷമെന്നാണ് പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നത്. പരിധിയില്‍ അധികമുള്ള ശബ്ദം അദ്ദേഹത്തിന്റെ ഉറക്കം തടസപ്പെടുത്തുന്നുണ്ടെന്നും ലാലുവിന്റെ സന്തത സഹചാരി ഭോലാ യാദവ് പറയുന്നു. നിലവിലെ മുറി പോസ്റ്റ് മോര്‍ട്ടം റൂമിന് സമീപമായതിനാല്‍ നായ്ക്കളുടെ ശല്യം ഉണ്ടെന്നും കൃത്യമായി ഉറങ്ങാന്‍ നായ്ക്കളുടെ കുര കാരണം സാധിക്കാറില്ലെന്നും ഭോല യാദവ് വ്യക്തമാക്കി.

പ്രമേഹ ബാധിതനായ ലാലുവിന് നടക്കേണ്ട ആവശ്യമുണ്ട് എന്നാല്‍ മുറിയിലെ സാഹചര്യം അതിന് അനുവദിക്കുന്നില്ലെന്നും പരാതിയില്‍ വിശദമാക്കുന്നു. ലാലുവിന്റെ ചികിത്സാ ചെലവ് വഹിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്നും നേതൃത്വം വ്യക്തമാക്കി. ജാമ്യ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഓഗസ്റ്റ് 30നാണ് ലാലു പ്രസാദ് യാദവ് സിബിഐ കോടതിക്ക് മുമ്പാകെ കീഴടങ്ങിയത്. ഹൃദയസംബന്ധിയായ തകറാറുകളും വൃക്ക സംബന്ധിയായ തകരാറുകളുമുള്ള ലാലു അടുത്തിടെയാണ് ഫിസ്റ്റുലയ്ക്ക് ചികിത്സ തേടിയത്.