പാറ്റ്ന: ‘ബിജെപിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന ആഹ്വാനത്തില്‍ പാറ്റ്നയില്‍ ആര്‍ജെഡി നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയില്‍ എത്തിയത് ലക്ഷങ്ങള്‍. ജെഡിയു ഔദ്യോഗിക പക്ഷത്തിന്‍റെ മുന്നറിയിപ്പ് അവഗണിച്ച് ശരത് യാദവും, ലാലു പ്രസാദ് യാദവ് നേതൃത്വം കൊടുക്കുന്ന റാലിയിലെത്തി.
വേദിയിലെത്തിയ ശരത് യാദവിനെ ജനസാഗരങ്ങള്‍ക്ക് മുമ്പില്‍ ലാലു പ്രസാദ് യാദവ് ഊഷ്മളമായി സ്വീകരിച്ചു. യഥാര്‍ത്ഥ ജെഡിയു തങ്ങളാണെന്ന് തെളിയിക്കുമെന്ന് റാലിക്ക് മുമ്പായി തന്നെ ശരത് യാദവ് വെല്ലുവിളിച്ചിരുന്നു. ഒന്നോ രണ്ടോ മാസം കാത്തിരിക്കാനാണ് ശരത് യാദവ് അണികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഒരു ‘മുഖ’ത്തിനും ബീഹാറില്‍ തന്റെ അടിത്തറയ്ക്ക് മുമ്പില്‍ പിടിച്ച് നില്‍ക്കാനാവില്ലെന്ന് മഹാറാലിയുടെ ചിത്രം പോസ്റ്റ് ചെയ്ത് ലാലു പ്രസാദ് യാദവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എണ്ണാമെങ്കില്‍ എണ്ണിക്കോളൂ എന്ന് ബിജെപിയെ വെല്ലുവിളിച്ചിട്ടുമുണ്ട്. പത്തല്ല, മുപ്പത് ലക്ഷം ആളുകള്‍ റാലിക്കെത്തിയിട്ടുണ്ട് എന്ന് മുന്‍ ഉപമുഖ്യന്ത്രി തേജസ്വി യാദവും ട്വീറ്റ് ചെയ്തു.
റാലിയിൽ പങ്കെടുത്താൽ, ശരദ് യാദവിനെ അയോഗ്യനായി പ്രഖ്യാപിച്ച് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് ഔദ്യോഗിക വിഭാഗം അറിയിച്ചിരുന്നെങ്കിലും ജെഡിയു വിമത പക്ഷം റാലിയില്‍ ശക്തി തെളിയിച്ചു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സമാജ്‌വാദി പാർട്ടി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് , കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപി ജോഷി, സിപിഐ അഖിലേന്ത്യ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ജാര്‍ഖണ്ഡിലെ മുന്‍ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും റാലിയില്‍ പങ്കെടുക്കാനെത്തിയിട്ടില്ല. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പ്രത്യേക സന്ദേശം സമ്മേളനത്തില്‍ വായിച്ചു. വടക്കന്‍ ബീഹാറില്‍ ദുരന്തം വിതച്ച പ്രളയത്തിനിടയിലും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഈ മേഖലയില്‍ നിന്നെത്തിയതായാണ് വിവരം. ലാലു പ്രസാദ് യാദവിന്‍റെ മുഴുവന്‍ കുടുംബാംഗങ്ങളും റാലിക്കെത്തിയിട്ടുണ്ട്.
സിപിഐഎം റാലിയില്‍ പങ്കെടുക്കുന്നില്ല. മമതാ ബാനര്‍ജിയോടുള്ള എതിര്‍പ്പ് കാരണമാണ് സിപിഐഎം നേതാക്കള്‍ വിട്ടുനില്‍ക്കുന്നത് എന്നാണ് അറിയിച്ചിരിക്കുന്നത്.
