നിലവിലുള്ള ഭൂമി പരമാവധി പ്രയോജനപ്പെടുത്തിയാല്‍ തന്നെ കരിപ്പൂരില്‍ അത്യാവശ്യം വേണ്ട വികസനം കൊണ്ട് വരാന്‍ കഴിയുമെന്ന നിലപാടിലാണ് കരിപ്പൂര്‍ സമര സമിതി. കേരളത്തില്‍ പുതിയ വിമാനത്താവളങ്ങള്‍ വരുന്ന സാഹചര്യത്തില്‍ ഇനിയും 700ഓളം കുടുംബങ്ങളെ കുടിയിറക്കിക്കൊണ്ടുള്ള വികസനം കരിപ്പൂരില്‍ ആവശ്യമില്ല. സ്ഥലം ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന തങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും സമരസമിതി ചെയര്‍മാന്‍ ചുക്കാന്‍ മുഹമ്മദലി എന്ന ബിച്ചു ജിദ്ദയില്‍ പറഞ്ഞു.

അത്യാവശ്യം വേണ്ട ഭൂമി വിട്ടു നല്‍കുന്നതിനെ കുറിച്ച് ആലോചിക്കണമെങ്കില്‍ തന്നെ സര്‍ക്കാര്‍ ഫീസിബിലിറ്റി സ്റ്റഡി നടത്തണം. വ്യക്തമായ പുനരധിവാസ പദ്ധതിയും നഷ്‌ടപരിഹാരവും സര്‍ക്കാര്‍ മുന്നോട്ടു വെയ്‌ക്കണം. മുമ്പ് കുടിയിറക്കപ്പെട്ടവരില്‍ പലരും ഇപ്പോള്‍ വഴിയാധാരമാണ്. അനാവശ്യ വികസനത്തിന്‌ പകരം 2015 മെയ്‌ മാസത്തിനു മുമ്പുള്ള സ്ഥിതിയിലേക്ക് വിമാനത്താവളത്തെ കൊണ്ടുവരണമെന്നും ബിച്ചു ആവശ്യപ്പെട്ടു. പരിസരവാസികളുടെ പ്രവാസി സംഘടനയായ മേലങ്ങാടി വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.