ഉദ്യോഗസ്ഥ ഭൂമാഫിയ ബന്ധം സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം ശരിവച്ച് ലാൻഡ് റവന്യൂ കമ്മീഷണര്‍ സര്‍വേ നടത്തി മിച്ചഭൂമിയും സ്വകാര്യഭൂമിയും തരംതിരിക്കണമെന്നും റിപ്പോര്‍ട്ട്
കല്പ്പറ്റ: വയനാട്ടിലെ ഭൂമി കുംഭകോണം സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം ശരിവച്ച് ലാന്ഡ് റവന്യൂ കമ്മീഷണര് എ.ടി ജയിംസ് സര്ക്കാരിന് റിപ്പോര്ട്ട് നല്കി. വയനാട്ടില് ഉദ്യോഗസ്ഥ-ഭൂമാഫിയ ബന്ധം ശക്തമെന്നും ഉദ്യോഗസ്ഥ തലത്തില് സമഗ്ര അഴിച്ചുപണി ആവശ്യമെന്നും റിപ്പോര്ട്ടിലുണ്ട്. സസ്പെന്ഷനിലുളള ഡെപ്യൂട്ടി കളക്ടര് സോമനാഥന് മൊഴി നല്കാന് തയ്യാറായില്ലെന്നും ഇയാള്ക്കെതിരെ കര്ശന നടപടി സ്വീകരിക്കണമെന്നും കമ്മീഷണറുടെ റിപ്പോര്ട്ടിലുണ്ട്.
കേരളം വില്പ്പനയ്ക്ക് എന്ന പേരില് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട അന്വേഷണ റിപ്പോര്ട്ടുകള് അക്ഷരംപ്രതി ശരിവച്ചാണ് ലാന്ഡ് റവന്യൂ കമ്മീഷണര് എടി ജയിംസ് 60 പേജുളള റിപ്പോര്ട്ട് സര്ക്കാരിന് സമര്പ്പിച്ചത്. കേരളത്തിലെ ഏറ്റവും സങ്കീര്ണ്ണമായ ഭൂപ്രശ്മാണ് വയനാട്ടിലേതെന്ന് കമ്മീഷണര് പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് മിച്ചഭൂമി മറിച്ചു വില്ക്കാന് നീക്കം നടക്കുന്നതായി ചൂണ്ടിക്കാട്ടിയ കോട്ടത്തറ വില്ലേജില് മിച്ചഭൂമിയും സ്വകാര്യഭൂമിയും കൂടിക്കുഴഞ്ഞ് തിരിച്ചറിയാനാവാത്ത നിലയിലാണ്. ഭൂമിയുടെ പോക്കുവരവു നടക്കുന്നതേയില്ല. ഇത് ഭൂമാഫിയ അവസരമാക്കുന്നു.
ലാന്ഡ് റവന്യൂ കമ്മീഷണറേറ്റിന്റെ നിരന്തര ഇടപെടലുണ്ടായിട്ടും സര്ക്കാര് ഭൂമി സംരക്ഷിക്കുന്നതില് ജില്ലാ ജില്ലാ ഭരണകൂടം വീഴ്ച വരുത്തി. റവന്യൂ ഓഫീസുകളില് മേലുദ്യോഗസ്ഥര് നടത്തേണ്ട ജമാബന്തി പരിശോധന നടക്കുന്നതേയില്ല. ജില്ലയിലെ ഭൂപ്രശ്നങ്ങള് പരിഹരിക്കാന് മാത്രമായി 2010ല് തുടങ്ങിയ രണ്ട് സ്പെഷ്യല് ഓഫീസുകളും പരാജയമാണ്. രണ്ട് ഡെപ്യൂട്ടി കളക്ടര്മാരും 40 ജീവനക്കാരുമടങ്ങുന്ന ഈ സംഘം ഇപ്പോള് മറ്റു ജോലികളാണ് ചെയ്യുന്നത്.
ഈ ഓഫീസുകള് ഉടനടി പുനസംഘടിപ്പിക്കണം. ഒരേ തസ്തികയില് ദീര്ഘകാലം പ്രവര്ത്തിച്ച റവന്യൂ ഉദ്യോഗസ്ഥരെ മറ്റു താലൂക്കുകളിലേക്ക് സ്ഥലം മാറ്റണം. ഒരേ തസ്തികയില് ദീര്ഘകാലമിരുന്ന ഡെപ്യൂട്ടി കളക്ടര്മാരെ മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റണമെന്നും ലാന്ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്ട്ടിലുണ്ട്.
