സഭാ ഭൂമിവിവാദം പുറത്തുവന്ന കഴിഞ്ഞ ഡിസംബര്‍ 23ന് സ്ത്രീകടക്കം ഒരു വിഭാഗം വിശ്വാസികള്‍ ആര്‍ച്ച് ബിഷപ്‌സ്  ഹൗസിലെത്തിയിരുന്നു. ഭൂമി വിവാദത്തെക്കുറിച്ച് കര്‍ദിനാളിനോട് ആരാഞ്ഞ ഇവര്‍ ഇക്കാര്യത്തില്‍ മറുപടി വേണമെന്ന് ആവശ്യപ്പെട്ടു.

കൊച്ചി:സിറോ മലബാര്‍ സഭാ ഭൂമി ഇടപാടില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറത്തുവന്നിട്ടും കര്‍ദ്ദിനാളിനെതിരെ കേസെടുക്കാന്‍ വൈകിയെന്നാരോപിച്ച് നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുക്കാന്‍ ആറു ദിവസം വൈകിയതെന്ന് ഇന്നലെ കോടതി ചോദിച്ചിരുന്നു. നിയമോപദേശം തേടിയതിലും കോടതി അതൃപ്തി രേഖപ്പെടുത്തി. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കിയേക്കും. ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസാണ് കോടതി അലക്ഷ്യ ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയത്.

അതിനിടെ സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെതിരെ നടപടിയാവശ്യപ്പെട്ട് കര്‍ദിനാള്‍ അനുകൂലികള്‍ രംഗത്തെത്തിയിട്ടുണ്ട്. കര്‍ദിനാളിന്റെ ജീവന്‍ അപകടത്തിലാണെന്ന് കാണിച്ച് ഇന്ത്യന്‍ കാത്തലിക് ഫോറം പൊലീസിനേയും സമീപിച്ചു. ഒരു വിഭാഗം വിശ്വാസികള്‍ കര്‍ദിനാളിനോട് തട്ടിക്കയറുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. 

സഭാ ഭൂമിവിവാദം പുറത്തുവന്ന കഴിഞ്ഞ ഡിസംബര്‍ 23ന് സ്ത്രീകടക്കം ഒരു വിഭാഗം വിശ്വാസികള്‍ ആര്‍ച്ച് ബിഷപ്‌സ് ഹൗസിലെത്തിയിരുന്നു. ഭൂമി വിവാദത്തെക്കുറിച്ച് കര്‍ദിനാളിനോട് ആരാഞ്ഞ ഇവര്‍ ഇക്കാര്യത്തില്‍ മറുപടി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് ഒന്നും പറയാനില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട പുറത്തുവന്നശേഷം എല്ലാം പറയാമെന്നുമായിരുന്നു കര്‍ദിനാളിന്റെ നിലപാട്. ഒന്നും മറയ്ക്കുന്നില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കര്‍ദിനാള്‍ അറിയിച്ചു. എന്നാല്‍ വിശ്വാസികളുടെ സംഘം ചോദ്യങ്ങള്‍ തുടര്‍ന്നപ്പോള്‍ ഇത് കോടതിയില്ലെന്നു പറഞ്ഞ് കര്‍ദിനാള്‍ എഴുന്നേറ്റു പോകുന്നതും കാണാം. സഭാ ഭൂമിയിടപാടിന്റെ പേരില്‍ കര്‍ദിനാളിനെതിരെ ആസൂത്രിയ ഗൂഡാലോചന നടക്കുന്നെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഇന്ത്യന്‍ കാത്തലിക് ഫോറം ഈ വീഡിയോയടക്കം പൊലീസിന് നല്‍കിയിരിക്കുന്നത്.