ഉരുള്‍പൊട്ടല്‍ : തിരച്ചില്‍ തുടരും, കണ്ടെത്താനുള്ളത് ആറ് പേരെ

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിലെ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. ഇനി ആറ് പേരെക്കൂടി ഇവിടെ നിന്ന് കണ്ടെത്താനുണ്ട്. വെളിച്ചക്കുറവ് മൂലം ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ തെരച്ചിൽ നിർത്തിവച്ചു. ഇന്നലെ വരെ എട്ട് പേരുടെ മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. 

Add Asianetnews as a Preferred SourcegooglePreferred

മണ്ണിടിച്ചിൽ നടന്ന പ്രദേശത്ത് ഇവരെ കണ്ടെത്താൻ കഴിയാതിരുന്നതിനാൽ തെരച്ചിൽ വ്യാപിപ്പിക്കും. ഇതിന് സന്നദ്ധ പ്രവർത്തകരുടെയും ഡോഗ് സ്ക്വാഡിന്‍റെയും സഹായം തേടും. ദേശീയ ദുരന്ത നിവാരണ സംഘത്തിനൊപ്പം ഫയർഫോഴ്സും നാട്ടുകാരുമാണ് തെരച്ചിൽ നടത്തുന്നത്. കട്ടിപ്പാറ പ്രദേശത്ത് മഴ കുറഞ്ഞത് തെരച്ചിലിന് അനുകൂലമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ കരിഞ്ചോലമലയിലെ അനധികൃത തടയണ നിർമാണത്തെ കുറിച്ച് ദുരന്ത നിവാരണ വകുപ്പിലെ പ്രത്യേകസംഘം അന്വേഷിക്കും. 

കിഞ്ചോലയില്‍ ഉരുൾപൊട്ടൽ നടന്ന സ്ഥലത്ത് തിരച്ചിലിനിടയിൽ ഒരു കുഞ്ഞിന്റെ മൃതദേഹം കൂടിയാണ് അവസാനമായി കണ്ടെത്തിയത്. മരിച്ച ഹസന്റെ ചെറുമകൾ ഒരു വയസുകാരി റിഫ മറിയത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായിരുന്നു. കണ്ടെത്താനുള്ള ആറുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പെട്ടുപോയ ഏഴ് പേരുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. ഇതിൽ നാല് പേരുടെ മൃതദേഹം ഖബറടക്കി. അബ്ദുറഹിമാന്‍റെ ഭാര്യ, ഹസന്‍റെ ഭാര്യ, മകൾ, മരുമകൾ, രണ്ട് പേരക്കുട്ടികൾ എന്നിവരെ കണ്ടെത്താനുള്ള തെരച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്.

ദുരിത ബാധിതർക്കായി കട്ടിപ്പാറ വില്ലേജിൽ മൂന്ന് ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 248 പേരാണ് ഇപ്പോൾ ക്യാംപുകളിൽ ഉള്ളത്. വീണ്ടും ഉരുൾപൊട്ടാൻ സാധ്യതയുള്ളതിനാൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. കളക്ട്രേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോൾ റൂം തുറന്നിട്ടുണ്ട്. ആവശ്യമെങ്കിൽ 1077 എന്ന നമ്പറിൽ ജില്ലാ എമർജൻസി ഓപ്പറേഷൻ വിഭാഗത്തിനെ ബന്ധപ്പെടാമെന്ന് കളക്ടർ അറിയിച്ചു.