തിരുവനന്തപുരം: കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെക്കണ്ട് വിവിധ ആവശ്യങ്ങളുന്നയിച്ച കാഴ്ചപരിമിതിയുള്ള കുട്ടികള്‍ക്ക് 24 മണിക്കുറിനുള്ളില്‍ മുഖ്യമന്ത്രിയുടെ സമ്മാനമെത്തി. നവംബര്‍ രണ്ടിന് വൈകിട്ടാണ് വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ ഒന്നാം ക്ലാസ്മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന മുപ്പതോളം കുട്ടികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് അവരുടെ ആവശ്യങ്ങളുന്നയിച്ചത്.
വിശേഷങ്ങള്‍ തിരക്കിയും മധുര പലഹാരങ്ങള്‍ നല്‍കിയും കുട്ടികളോടൊപ്പം സ്നേഹപൂര്‍വം സമയം ചെലവിട്ട മുഖ്യമന്ത്രി കുട്ടികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് വാക്കുനല്‍കിയിരുന്നു. യു.പി. തലം മുതലുള്ള 20 കുട്ടികള്‍ക്ക് ലാപ്ടോപ്പ് അനുവദിക്കണമെന്നായിരുന്നു കുട്ടികളുടെ ആവശ്യങ്ങളില്‍ ഒന്ന്. ഇത് 24 മണിക്കൂറിനുള്ളില്‍ പരിഗണിച്ച് മൂന്നാം തിയതി നാലുമണിയോടെ 20 ലാപ്ടോപ്പുകള്‍ സ്‌കൂളിലെത്തിച്ചു. കുട്ടികളുടെ മറ്റ് ആവശ്യങ്ങളും അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നമല്‍കിയിട്ടുണ്ട്.
