ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ് ലിന്‍ കേസിലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കേസിലെ മറ്റു പ്രതികളായ കസ്തൂരിരംഗ അയ്യര്‍, ആര്‍.ശിവദാസന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. 

ജസ്റ്റിസ് എന്‍.വി.രമണ, ജസ്റ്റിസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ സിബിഐ ഇതുവരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടില്ല. സിബിഐ ഹര്‍ജി നല്‍കിയെന്ന് ബോധിപ്പിച്ചാണ് കസ്തൂരിരംഗ അയ്യരുടെ അഭിഭാഷകന്‍ നേരത്തെ കേസ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടത്. 

ഒരേ വസ്തുതയുടെ അടിസ്ഥാനത്തില്‍ പരിഗണിച്ച കേസില്‍ ഹൈക്കോടതി എടുത്ത വ്യതസ്ത തീരുമാനം നിയമപരമായി നിലനില്‍ക്കില്ല എന്നതാണ് കസ്തൂരിരംഗ അയ്യരുടെയും ആര്‍.ശിവദാസന്റേയും ഹര്‍ജികളിലെ പ്രധാന വാദം.