ലാവലിന്‍ കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്തുള്ള റിവിഷന്‍ ഹര്‍ജിയില്‍ അടുത്ത മാസം ഒമ്പത് മുതല്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി തീരുമാനം. റിവിഷന്‍ ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. മാത്രമല്ല ഹര്‍ജിക്കാരനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.
മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടി മാത്രമാണ് ഇത്തരം ഹര്‍ജികള്‍ നല്‍കുന്നത് എന്നായിരുന്നു വിമര്‍ശനം. കോടതി നടപടികള്‍ എങ്ങിനെ നടത്തണമെന്ന് കോടതിക്ക് അറിയാം. ഉത്തരവാദിത്തത്തെ പറ്റി കോടതിക്ക് ബോധ്യമുണ്ട്. മൂന്നാമതൊരാള്‍ വന്ന് ഇതില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് ജഡ്ജി പറഞ്ഞു. ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ എം.ആര്‍.അജയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശം.
പിണറായി വിജയന്റെ അഭിഭാഷകനായ എം കെ ദാമോദരനും സിബിഐക്ക് വേണ്ടി വാദം നടത്തേണ്ട അഡീ ഷണല്‍ സോളിസിറ്റര്‍ ജനറല്‍ എം കെ നടരാജും കോടതിയില്‍ ഹാജരായിരുന്നില്ല. ഇരു കക്ഷികളുടേയും പ്രതിനിധികളാണ് കോടതിയില്‍ ഹാജരുണ്ടായിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഹര്‍ജി കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
