ലോ അക്കാദമി പ്രശ്നത്തിൽ സർക്കാർ വീണ്ടും ഇടപെടുന്നു. വിദ്യാഭ്യാസ മന്ത്രി സമരക്കാരും മാനേജ്മെന്‍റുമായി ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ചർച്ച നടത്തും. ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും മാറ്റിയ രേഖകൾ മാനേജ്മെന്റ് എഡിഎമ്മിന് കൈമാറിയെങ്കിലും വിദ്യാഭ്യാസമന്ത്രിയുമായി മാത്രമേ ചർച്ചക്കൂള്ളൂ എന്ന് സമരക്കാർ വ്യക്തമാക്കിയിരുന്നു. ജില്ലാ ഭരണകൂടം ഇടപെട്ടുള്ള അനുനയനീക്കം പൊളിഞ്ഞതോടെയാണ് സർക്കാർ ഇടപെടുന്നത്.

ചർച്ചയിൽ നിന്നു സർക്കാർ മാറിനിൽക്കുന്നതിനെ സിപിഐ രൂക്ഷമായി വിമർശിച്ചിരുന്നു. സിപിഎം നിലപാടിനെ എഴുത്തുകാരൻ ടി.പത്മനാഭനും വിമർശിച്ചു. യൂത്ത് കോൺഗ്രസ് നടത്തിയ ക്ലിഫ് ഹൗസ് മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള കെ മുരളീധരന്റേയും വിവി രാജേഷിന്റെയും സമരങ്ങളും തുടരുകയാണ്. അതേസമയം ജാതിപ്പേര് വിളിച്ചെന്ന പരാതിയിൽ നടപടി ഉണ്ടായില്ലെങ്കിൽ സിപിഐ നിയമപരമായ മാർഗ്ഗം തേടുമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.