ഇരുപത്തിയൊമ്പത് ദിവസത്തെ സമരത്തിന് ശേഷം ലോ അക്കാദമിയില്‍ ക്ലാസ് തുടങ്ങി. സമരവും പ്രതിഷേധവും പ്രിന്‍സിപ്പലിന് എതിരെ മാത്രമായിരുന്നു, ഇനി ലക്ഷ്യം പഠനത്തില്‍ ശ്രദ്ധിക്കുക എന്നതാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ലക്ഷ്മി നായരെ മാറ്റി വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റിക്കാണ് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്.

സമരപന്തലില്‍ നിന്ന് ക്ലാസ് മുറിയിലേക്ക് എത്തുമ്പോഴും ആവേശം ഒട്ടും ചോര്‍ന്നിട്ടില്ല കുട്ടികള്‍ക്ക്. സമരത്തിന് ശേഷമുളള ആദ്യ ദിവസം ക്ലാസ് തുടങ്ങിയത് വിജയാഘോഷങ്ങളോടെ.

മുദ്രാവാക്യം വിളികള്‍ക്കുമപ്പുറം മധുര വിതരണം, ആഹ്ലാദപ്രകടനം, പാട്ടും മേളവും നൃത്തവും. സമരം നയിച്ച പെൺപ്പടയ്ക്കൊപ്പം വിദ്യാര്‍ത്ഥി സംഘടനകളും.

സമരത്തിലേതു പോലെ വിജയാഘോഷത്തിലും എസ്എഫ്ഐ പ്രത്യേകം നിന്നു.

ഒരു മാസം മുടങ്ങിയ ക്ലാസുകള്‍ പുനരാരംഭിച്ചതോടെ ഇനി ശ്രദ്ധ പഠനത്തിന് എന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.