തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നത്തില്‍ സിപിഎം ലോ അക്കാദമി മാനേജുമായി നടത്തിയ സമവായ ശ്രമം പരാജയപ്പെട്ടു. പ്രിന്‍സിപ്പല്‍ രാജി വയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ലോ അക്കാദമി മാനേജ്‌മെന്റ്. സിപിഎമ്മുമായുളള ചര്‍ച്ചക്ക് ശേഷവും മാനേജ്‌മെന്റ് നിലപാട് മാറ്റിയില്ല.

സമരം ശക്തമാകുന്നതിനിടെയാണ് ലോ അക്കാദമി ഭാരവാഹികളെ എകെജി സെന്ററിലേക്ക് വിളിപ്പിച്ചത്. ഡയറക്ടർ കോലിയക്കോട് നാരായണൻ നായർ, ബോർഡ് അംഗവും സിപിഎം നേതാവുമായ കോലിയക്കോട് കൃഷ്ണൻനായർ, ബോർഡിലെ മറ്റൊരു അംഗം നാഗരാജ് നാരായണൻ എന്നിവരുമായായിരുന്നു ചർച്ച. കോടിയേരി ബാലകൃഷ്ണനും വിദ്യാഭ്യാസമന്ത്രി അടക്കമുള്ള മന്ത്രിമാരും സമരം തീർക്കാനുള്ള നടപടി മാനേജ്മെന്റ് സ്വീകരിക്കണം എന്നാവശ്യപ്പെട്ടതായാണ് വിവരം.

എന്നാൽ പ്രിൻസിപ്പലിനെ മാറ്റണമെന്ന നിർദ്ദേശം പാർട്ടി നൽകിയോ എന്ന് വ്യക്തമല്ല. പക്ഷെ പ്രിൻസിപ്പൽ രാജിവെച്ചുള്ള ഒരു സമവായത്തിനുമില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം നാരായണൻനായരും നാഗരാജും ലക്ഷ്മിനായരും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിദ്യാർത്ഥികളുമായി ചർച്ചയാകാമെന്ന് മാത്രമാണ് മാനേജ്മെന്റ് ഇപ്പോഴും പറയുന്നത്.

മാനേജ്മെന്റ് കടുംപിടുത്തം തുടരുമ്പോൾ സമരം കടുപ്പിക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. സമരം 19 ദിവസം പിന്നിടുമ്പോൾ ലോ അക്കാഡമിയിൽ പ്രതിഷേധ പ്രകടനങ്ങൾ ശക്തമാക്കി. ലോ അക്കാദമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.