തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാഡമി മാനേജ്മെന്‍റുമായി വിദ്യാർഥികൾ നടത്തിയ ചർച്ച പരാജയപ്പെട്ടു. വിദ്യാർഥികളുടെ ആവശ്യം തള്ളിയ മാനേജ്മെന്‍റ്, ലോ അക്കാഡമി പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജി വയ്ക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല.
ദീർഘകാല അവധിയെടുക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം ലക്ഷ്മി നായർ തള്ളി. അക്കാഡമി ഡയറക്ടർമാരാണ് വിദ്യാർഥികളുമായി ചർച്ച നടത്തിയത്. ഫാക്കൽറ്റിയായി തുടരുമെന്ന തീരുമാനത്തിൽ ലക്ഷ്മി നായർ ഉറച്ചുനിന്നതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു. വിദ്യാർഥി സംഘടനകളെ മാനേജ്മെന്‍റ് വീണ്ടും ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്. ഇതിനോട് വിദ്യാർഥി സംഘടനകൾ പ്രതികരിച്ചിട്ടില്ല.
രാജി ആവശ്യത്തിൽനിന്നു പിന്നോട്ടില്ലെന്നും ലക്ഷ്മി നായരുടെ രാജിയല്ലാതെ പ്രശ്ന പരിഹാരത്തിനു മറ്റു മാർഗമില്ലെന്നും വിദ്യാർഥി സംഘടനാ നേതാക്കൾ അറിയിച്ചു. ഇതോടെ ലോ അക്കാഡമിയിൽ സമരം തുടരുമെന്ന് ഏറെക്കുറെ ഉറപ്പായി.
