തിരുവനന്തപുരം: ലോ അക്കാദമി മാനേജ്മെന്‍റും സ്വകാര്യ ഫ്ളാറ്റ് കമ്പനിയും ലാഭം കൊയ്യാനുള്ള കച്ചവടത്തിനാണ് ശ്രമിച്ചതെന്ന് തെളിയിക്കുന്ന സംയുക്ത കരാറിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി തുടങ്ങിയ അക്കാദമി, ചട്ടങ്ങളെല്ലാം മറികടന്നാണ് സെക്രട്ടറിയേറ്റിന് തൊട്ടടുത്ത് ഫ്ലാറ്റ് കെട്ടാൻ കമ്പനിയുമായി കൈകോർത്തത്.
ഡയറക്ടർ നാരായണൻ നായരും ഹെദർ ഫ്ളാറ്റ് കമ്പനിയും തമ്മിൽ 2012ൽ ആണ് കരാർ ഒപ്പിട്ടത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി തുടങ്ങിയ സൊസൈറ്റിക്ക് പണം കണ്ടെത്താനുള്ള പുതിയ സംരംഭമെന്നാണ് കരാറിലെ വിശദീകരണം. എന്നാൽ കച്ചവടം കൃത്യമായി വെളിവാക്കുന്ന വ്യവസ്ഥകളാണ് കരാറിലുള്ളത്.
താഴത്തെ നിലയുടെ അവകാശം 50:50 വ്യവസ്ഥയിൽ അക്കാദമിക്കും ബിൽഡർക്കും ആണ്. ഫ്ളാറ്റുകളിൽ 45 ശതമാനം അക്കാദമിക്കും 55 ബിൽഡർക്കും ആയിരിക്കുമെന്ന് കരാറിലുണ്ട്. ഒന്നര കോടിയിലേറെ രൂപയുള്ള ഫ്ളാറ്റുകളിൽ 90 ശതമാനവും വിറ്റുകഴിഞ്ഞു. രേഖകൾ തിരുത്തിയുള്ള ഫ്ലാറ്റ് നിർമ്മാണം നടന്നപ്പോൾ രജിസ്ട്രേഷൻ വകുപ്പ് കണ്ണടച്ചു.
