തിരുവനന്തപുരം: ലോ അക്കാദമി ഭൂമി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി റവന്യൂ മന്ത്രി ഇ ചമന്ദ്രശേഖരന്‍. 
ലോ അക്കാദമിയുടെ സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് റവന്യൂ വകുപ്പിന്റെ അന്വേഷണം തുടരും. റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വിഷയത്തില്‍ സിപിഎം സിപിഐ തര്‍ക്കം സര്‍ക്കാര്‍ തലത്തിലേക്കും വ്യാപിച്ചിരിക്കുകയാണ്.

പിണറായിവിജയന്റെ നിലപാടിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തുവന്നു. ലോ അക്കാദമി ഭൂമി ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും, റവന്യു വകുപ്പിന്റെ അന്വേഷണം നടക്കുകയാണ് റിപ്പോര്‍ട്ട് വരുംവരെ കാത്തിരിക്കുമെന്നും കാനം പറഞ്ഞു.

ലോ അക്കാദമി ഭൂമി തിരിച്ചുപിടിക്കണമെന്ന വി.എസ്. അച്യുതാനന്ദന്റെ ആവശ്യം ഇപ്പോള്‍ പരിശോധിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് രാവിലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത്തരം നിരവധി ആവശ്യങ്ങള്‍ വരും. ഭൂമി സംബന്ധിച്ച പ്രശ്‌നത്തില്‍ നടപടിയെടുക്കുന്നത് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നുമായിരുന്നു പിണറായിയുടെ പ്രതികരണം.

ഭൂമി തിരിച്ചെടുക്കണമെന്ന് ഏതോ ഒരു പിള്ളയുടെ കുടുംബം ആവശ്യപ്പെട്ടല്ലോ? ഈ സര്‍ക്കാരോ മുന്‍ സര്‍ക്കാരോ കണ്ടുകെട്ടിയ ഭൂമിയല്ലിത്. സി.പി.രാമസ്വാമി അയ്യര്‍ കണ്ടുകെട്ടിയ ഭൂമിയാണെന്നും പിണറായി പറഞ്ഞു. അതേസമയം, സുന്ദരന്‍പിള്ളയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് വേദനാജനകമാണെന്ന് കൊച്ചുമകന്‍ എന്‍.വെങ്കടേശന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ അറിവില്ലായ്മയാണ് ഇത്തരമൊരു പ്രതികരണത്തിന് കാരണമെന്ന് വെങ്കടേശന്‍ പറഞ്ഞു.