അലഹബാദ്: കാല് ദേഹത്ത് തട്ടിയതിന് 26 കാരനായ നിയമവിദ്യാര്‍ത്ഥിയെ റെസ്റ്റോറന്‍റില്‍ വച്ച് നാലംഗ സംഘം അടിച്ച് കൊന്നു. അലഹബാദിലാണ് സംഭവം. ഹോക്കി സ്റ്റിക്ക്, പൈപ്പ്, കട്ടകള്‍ തുടങ്ങിയവകൊണ്ടാണ് ദിലീപ് സരോജ് എന്ന വിദ്യാര്‍ത്ഥിയെ ആക്രമിച്ച് കൊന്നത്. വിദ്യാര്‍ത്ഥിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ആരോ പകര്‍ത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റെസ്റ്റോറന്‍റിലെ സ്റ്റെപ്പുകളില്‍ കിടക്കുന്ന ദിലീപിനെയും ഇവന്‍ മരണപ്പെട്ടതിന് ശേഷം മാത്രമേ പൊലീസ് പോലും കാണുകയുള്ളുവെന്ന് അക്രമികള്‍ പറയുന്ന ഡയലോഗും വീഡിയോയില്‍ വ്യക്തമാണ്. ആക്രമികളെ പിന്തിരിപ്പിക്കാന്‍ ഹോട്ടല്‍ ഉടമ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ആക്രമണത്തെ തുടര്‍ന്ന് ബോധം കെട്ടുവീണ ദിലീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച മരണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് റെസ്റ്റോറന്‍റിലെ വെയിറ്ററെ അറസ്റ്റ് ചെയ്തു. ഇരുമ്പ് വടികൊണ്ട് തലയ്ക്ക് അടിയേറ്റതാണ് മരണകാരണം.

ആക്രമണം നടക്കുന്ന റെസ്റ്റോറന്‍റിന് വെറും നൂറ് മീറ്റര്‍ അകലെ പൊലീസ് ഉണ്ടായിരുന്നു. പൊലീസ് ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് മാനേജര്‍ വിളിക്കുകയും ചെയ്തിരുന്നു. സംഭവസ്ഥലത്തിനടുത്തുണ്ടായിട്ടും നടപടികളെടുക്കാതിരുന്ന രണ്ടു പൊലീസുകാരെ സസ്പെന്‍റ് ചെയ്തു.