കുടുംബ വഴക്കുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ വീട്ടില്‍ പോലീസ് എത്തിയപ്പോള്‍ തുമ്പുണ്ടായത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള കവര്‍ച്ച കേസിന്

കോഴിക്കോട്: കുടുംബ വഴക്കുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ വീട്ടില്‍ പോലീസ് എത്തിയപ്പോള്‍ തുമ്പുണ്ടായത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള കവര്‍ച്ച കേസിന്. 36 വര്‍ഷങ്ങള്‍ക്ക് മുമ്പ് കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസിലെ കുറ്റാരോപിതനെയാണ് നീണ്ട കാലയളവിന് ശേഷം നാടകീയമായി പിടികൂടിയത്. മലപ്പുറം സ്വദേശി വി.കെ ജോസിനെയാണ് പോലീസ് മൈസുരുവിലെ താമസ സ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തത്. 1990-ല്‍ കോഴിക്കോട് തിരുവമ്പാടിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരനായ യുവാവിന് നേരെ ഇയാള്‍ തോക്ക് ചൂണ്ടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൈവശമുണ്ടായിരുന്ന പണം കവര്‍ച്ച ചെയ്യുകയുമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാല്‍ പോലീസ് കേസ് അന്വേഷിക്കുന്നതിനിടെ ജോസ് നാട്ടില്‍ നിന്നും കടന്നുകളഞ്ഞു. മൈസൂരുവിലെത്തിയ ഇയാള്‍ പിന്നീട് ശിവകുമാര്‍ എന്ന പേരില്‍ ഇവിടെ താമസമാക്കുകയും പ്രദേശത്ത് നിന്ന് വിവാഹം ചെയ്ത് കുടുംബമായി ജീവിക്കുകയുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമുണ്ടായ കുടുംബ വഴക്കിനിടെ ഭാര്യ പോലീസിനെ വിളിച്ചു വരുത്തിയതോടെയാണ് വലിയ വഴിത്തിരിവുണ്ടായത്. സ്ഥലത്തെത്തിയ കര്‍ണാടക പോലീസിന് സംശയം തോന്നി വീട് പരിശോധിച്ചപ്പോള്‍ കിടയ്ക്കയുടെ അടിയില്‍ നിന്നും തോക്ക് ലഭിച്ചു. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാളുടെ കേരള പശ്ചാത്തലം വ്യക്തമായതോടെ കര്‍ണാടക പോലീസ് കേരള പോലീസില്‍ ബന്ധപ്പെടുകയായിരുന്നു. ജോസിന്‍റെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമായതിനെ തുടര്‍ന്ന് കേരള പോലീസ് ഇയാളെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.

YouTube video player