തിരുവനന്തപുരം: എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയുടെ ചോദ്യപേപ്പറിലുണ്ടായ പിഴവില്‍ നടപടി എടുക്കാന്‍ പിഎസ്‌സി തീരുമാനം. ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയ അധ്യാപര്‍ക്കെതിരായാണ് നടപടി. ഇവരെ ചോദ്യങ്ങള്‍ തയ്യാറാകുന്ന സമിതിയില്‍ നിന്നും ഒഴിവാക്കുമെന്ന് പിഎസ് സി ചെയര്‍മാന്‍ എംകെ സക്കീര്‍ അറിയിച്ചു.

എല്‍ഡി ക്ലാര്‍ക്ക് പാലക്കാട്,പത്തനംതിട്ട ജില്ലകളിലെ ചോദ്യപേപ്പറിലാണ് പിശകുണ്ടായത്. പല ചോദ്യങ്ങളും സിലബസിന് പുറത്തുനിന്നുള്ളതായിരുന്നു എന്നായിരുന്നു പ്രധാന ആക്ഷേപം. ഇതിനു പുറമെ വകുപ്പുതല പരീക്ഷയ്ക്കുള്ള ചോദ്യ പേപ്പറാണ് ഉദ്യോഗാര്‍ഥികള്‍ക്ക് വിതരണം ചെയ്തതെന്നും ആക്ഷേപമുണ്ട്. ഉദ്യോഗാര്‍ഥികളെ വെള്ളംകുടിപ്പിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

എല്‍ഡി ക്ലാര്‍ക്ക് പരീക്ഷ സംബന്ധിച്ച പരാതികള്‍ പരിഗണിക്കേണ്ടതു പിഎസ്‌സിയാണെന്നും അത് അവര്‍ പരിഗണിക്കുമെന്നു പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയെ അറിയിച്ചിരുന്നു. പരാതികള്‍ എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് തൊട്ടുപിന്നാലെയാണ് പിഎസ്‌സിയുടെ നടപടി.