തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലില്‍ നിന്നും ഇ-മെയില്‍ ചോര്‍ത്തിയ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിയമവകുപ്പിന്റെയും പൊലീസിന്റെയും ശക്തമായ എതിര്‍പ്പ് മറികടന്ന്. ആഭ്യന്തരസുരക്ഷ ബാധിക്കുന്ന കേസ് പിന്‍വലിക്കുന്നത് തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്നായിരുന്നു നിയമവകുപ്പിന്റെ എതിര്‍പ്പ്.

ഇ-മെയില്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുക്കുന്നതിന് മുമ്പാണ് നിയമസെക്രട്ടറിയോടും ഡിജിപിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിക്ക് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരസെക്രട്ടറി റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടത്. കേസ് പിന്‍വലിക്കാനുള്ള നീക്കത്തെ ശക്തമായി നിയമസെക്രട്ടറി എതിര്‍ത്തു. 

ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന കേസായതിനാല്‍ പിന്‍വലിക്കരുതെന്നായിരുന്ന നിയമവകുപ്പിന്റെ റിപ്പോര്‍ട്ട്. പൊലീസ് ആസ്ഥാനത്തുനിന്നും ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയ എസ്‌ഐ ബിജുസലിമിനെതിരെ വകുപ്പ്തല നടപടി സ്വീകരിച്ചിട്ടുണ്ട്. കേസ് പിന്‍വലിക്കപ്പെട്ടാല്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരായ വകുപ്പ് തല നടപടികളും ചോദ്യം ചെയ്യപ്പെടുകയും സര്‍ക്കാരിന് തിരിച്ചടയുണ്ടാകാനും സാധ്യതയുണ്ടെന്നാണ് നിയമവകുപ്പിന്റെ റിപ്പോര്‍ട്ട്. 

ഡിജിപിയും അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് മേധാവിയും കേസ് പിന്‍വലിക്കുന്നതിനെ എതിര്‍ത്തു. ഈ എതിര്‍പ്പുകള്‍ മറികടന്നാണ് ഇ-മെയില്‍ ചോര്‍ത്തല്‍ കേസ് പിന്‍വിലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി വിധിയുടെ ലംഘനമായതിനാല്‍ കോടതിില്‍ തിരിച്ചടിയിണ്ടാകുമെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്.