തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യാൻ അടിയന്തര ഇടത് മുന്നണിയോഗം ഇന്ന് . ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്ത് ഏകെജി സെന്ററിലാണ് യോഗം. യോഗത്തില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയ തോമസ് ചാണ്ടി രാജിക്കാര്യം പുച്ഛിച്ച് തള്ളി.
ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടിൽ നിയമപരമായ തുടര്‍നടപടി വേണമെന്ന് ഏജിയുടെ നിയമോപദേശം. ആരോപണ വിധേയനായ മന്ത്രിയെ ഇനിയും ചുമന്നാൽ മുന്നണിയും സര്‍ക്കാറും നാറുമെന്ന് സിപിഐയുടെ കടും പിടുത്തം. സ്ഥിതി ഗൗരവമുള്ളതെന്ന് സിപിഎം വിലയിരുത്തൽ . നിയമലംഘനം കണ്ടെത്തി ആഴ്ചകൾ പിന്നിടുമ്പോൾ തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ മുന്നണിക്കകത്ത് ഭൂരിപക്ഷാഭിപ്രായമായി.
നിയമോപദേശത്തിൽ സര്‍ക്കാര്‍ നിലപാടും ഒപ്പം ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ സാധുത പോലും ചോദ്യം ചെയ്ത് തോമസ് ചാണ്ടി ഹൈക്കോടതിയിൽ നൽകിയ ഹര്‍ജിയിലെ തീര്‍പ്പുമാണ് ഇനി അറിയാനുള്ളത്. അതു കൊണ്ടു തന്നെ കോടതി പറഞ്ഞാൽ മാത്രം രാജിയെന്ന നിലപാടായിരിക്കും എൻസിപി മുന്നണിയോഗത്തിൽ എടുക്കുക. ഇക്കാര്യത്തിൽ ചെറുതല്ലാത്ത കടുംപിടുത്തവും തോമസ് ചാണ്ടിയെ അനുകൂലിക്കുന്നവര്‍ക്ക് ഉണ്ട്.
തോമസ് ചാണ്ടി രാജി വക്കേണ്ടി വന്നാൽ തന്നെ ഫോണ്‍ വിളി വിവാദത്തിൽ നിന്ന് ഏകെ ശശീന്ദ്രൻ കുറ്റവിമുക്തനായാൽ മന്ത്രിസ്ഥാനംതിരിച്ച് നൽകണമെന്ന ആവശ്യവും എൻസിപി മുന്നോട്ട് വച്ചേക്കും. മുഖ്യമന്ത്രിയും ഘടകകക്ഷികളും ഇക്കാര്യത്തിലെടുക്കുന്ന നിലപാടും മുന്നണിയോഗത്തിൽ നിര്‍ണ്ണായകമാണ്
