തിരുവനന്തപുരം: മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കല്‍ താല്‍ക്കാലികമായി മരവിപ്പിക്കും.സര്‍വ്വകക്ഷിയോഗം വിളിച്ച് പൊതുധാരണയുണ്ടായശേഷം തുടര്‍ന്നടപടി മതിയെന്ന് എല്‍ഡിഎഫ് നിര്‍ദ്ദേശിച്ചു.കുരിശ് നീക്കിയതില്‍ ജാഗ്രതകുറവുണ്ടായെന്ന് നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചപ്പോള്‍ നടപടി പാലിച്ചായിരുന്നു ഒഴിപ്പിക്കലെന്ന് റവന്യുമന്ത്രിയും വ്യക്തമാക്കി. തര്‍ക്കങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും ചര്‍ച്ച തുടരുമെന്നും യോഗശേഷം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.
മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലായരുന്നു യോഗം. കൈയേറ്റം ഒഴിപ്പിച്ച റവന്യു സംഘത്തെ പരസ്യമായി വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ നടപടിയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എതിര്‍പ്പറിയിച്ചു.എന്നാല്‍ കുരിശ് നീക്കിയതില്‍ ജാഗ്രത കുറവുണ്ടായെന്ന് നിലപാടില്‍ മുഖ്യമന്ത്രി ഉറച്ച് നിന്നു. നടപടികളെല്ലാം പാലിച്ചാണ് കൈയേറ്റം ഒഴിപ്പിച്ചതെന്ന് റവന്യുമന്ത്രിയും നിലപാടെടുത്തു.
യോഗത്തില്‍ സംസാരിച്ച് വി.എസ് അടക്കമുള്ളവര്‍ പ്രശ്നം വഷളാക്കാതെ ഒഴിപ്പിക്കലുമായി മുന്നോട്ട് പോകണമെന്ന് നിര്‍ദ്ദേശം വെച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍വ്വകക്ഷി യോഗം വിളിച്ച് പൊതുധാരണയുണ്ടാക്കി തുടര്‍ന്നടപടി സ്വീകരിക്കാമെന്ന് നിര്‍ദ്ദശം എല്‍ഡിഎഫില്‍ ഉണ്ടായത്. വന്‍കിട കൈയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടതെന്നും യോഗം തീരുമാനിച്ചു.
എന്നാല്‍ സിപിഐ-സിപിഎം തര്‍ക്കം അവസാനിച്ചിട്ടില്ലെന്നും അത് സ്വാഭാവികമാണെന്നും ചര്‍ച്ച തുടരുമെന്നും കാനം രാജേന്ദ്രന്‍ യോഗശേഷം മാധ്യമങ്ങളെ അറിയിച്ചു.സമവായത്തോടെ ഒഴിപ്പിക്കലെന്ന നിര്‍ദേശം എല്‍ഡിഎഫില്‍ വെച്ച വി.എസ് യോഗത്തിന് മുന്‍പ് കുരിശായാലും കൈയ്യേറ്റമാണെങ്കില്‍ ഒഴിപ്പിക്കണമെന്ന് നിലപാടാണ് സ്വീകരിച്ചത്.
