തിരുവനന്തപുരം: കെ.എം. മാണിയെ ഇടത് മുന്നണിയിലേക്ക് എത്തിക്കാനുള്ള നീക്കം സജീവം. ഇടത് മുന്നണിക്ക് കെ.എം. മാണിയോട് ഐത്തമില്ലെന്ന് കേരള കോണ്‍ഗ്രസ് എല്‍ഡിഎഫ് ചുമതലപ്പെടുത്തിയാല്‍ മുന്നണി പ്രവേശന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥനാകാന്‍ തയ്യാറാണെന്നും സ്‌കറിയ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ഇടത് മുന്നണി പ്രവേശനത്തെ ചൊല്ലി കടുത്ത ഭിന്നതയുണ്ട്.

കര്‍ഷക കൂട്ടായ്മയുടെ പേരില്‍ തുടങ്ങിയ ഇടത് പ്രവേശന നീക്കം, കൂടുതല്‍ ആഴത്തിലുള്ള ചര്‍ച്ചകളിലേക്ക് കടക്കുകയാണ്. സിപിഎമ്മിന്റെ മൗനാനുവാദത്തോടെയാണ് സ്‌കറിയ തോമസ് ചര്‍ച്ചകളുടെ ആദ്യ ഘട്ടത്തിന് തുടക്കമിടുന്നത്. യുഡിഎഫില്‍ അസംതൃപ്തനായ ജോണി നെല്ലൂര്‍ അടക്കമുള്ള നേതാക്കളെ ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ ഒരു കുടക്കീഴിലെത്തിക്കുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. 

കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം മാണിക്കെതിരെ വിമര്‍ശനം തുടരുന്ന സാഹചര്യമാണുള്ളത്. സിപിഐ- സിപിഎം തര്‍ക്കം കൂടുതല്‍ അനുകൂല രാഷ്ട്രീയ ചിത്രം ഉരുത്തിരിയാന്‍ കാരണമാകുമെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നുണ്ട്. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിനുള്ളില്‍ ഇടത് മുന്നണി നീക്കത്തോട് ഒരു വിഭാഗത്തിന് യോജിപ്പില്ലെന്നാണ് വിവരം. കര്‍ഷക കൂട്ടായ്മയില്‍ പങ്കെടുത്തെങ്കിലും പി.ജെ. ജോസഫിന് ഇടത് മുന്നണി പ്രവേശനത്തോട് അനുകൂല നിലപാടില്ല.

റോഷി അഗസ്റ്റിന്‍, സി.എഫ് തോമസ്, എന്നിവര്‍ക്കും സമാന നിലപാടാണ്. മോന്‍സ് ജോസഫും ടി.യു. കുരുവിളയും കര്‍ഷക കൂട്ടായ്മയില്‍ നിന്ന് പോലും വിട്ട് നില്‍ക്കുകയാണ്. കൂട്ടായ്മയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഫ്രാന്‍സി ജോര്‍ജ് വിഭാഗം മാണിയുടെ ഇടതു പ്രവേശനത്തെ എന്ത് വില കൊടുത്തും ചെറുക്കണമെന്ന അഭിപ്രായമുള്ളവരാണ്. മുന്നണിയില്‍ സിപിഐയുടെ നിലപാടും നിര്‍ണ്ണായകമാകും. കോട്ടയത്ത് ഇടത് മുന്നണിയുടെ പിന്തുണയോടെ ജയിക്കാം എന്ന് കരുതുന്ന കേരള കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളവരാണ് മുന്നണി പ്രവേശനത്തിന് ശ്രമം നടത്തുന്നത്.