Asianet News MalayalamAsianet News Malayalam

ജോര്‍ജ് ഫെര്‍ണാണ്ടസിനെ അനുശോചിച്ച് പ്രമുഖര്‍; നീതിക്ക് വേണ്ടി പോരാടിയെ നേതാവെന്ന് മോദി

അടിയന്തിരാവസ്ഥ കാലത്ത് ജാനാധിപത്യത്തിന്‍റെ കാവലാളായിരുന്നു ഫെര്‍ണാണ്ടസെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു

leaders remembering George Fernandes
Author
Delhi, First Published Jan 29, 2019, 11:35 AM IST

ദില്ലി: ഇന്ന് രാവിലെ ദില്ലിയില്‍ അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്ര പ്രതിരോധമന്ത്രിയുമായ ജോര്‍ജ് ഫെര്‍ണാണ്ടസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രമുഖര്‍. നീതിക്ക് വേണ്ടി പോരാടിയ നേതാവായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസെന്നും ഇന്ത്യയെ ശക്തവും സുദൃഢവുമാക്കിയ പ്രതിരോധമന്ത്രിയും ദീര്‍ഘ വീഷണമുള്ള റെയില്‍വെ മന്ത്രിയുമായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു.   

നീണ്ട കാലത്തെ പൊതുപ്രവര്‍ത്തനത്തില്‍ ഒരിക്കല്‍ പോലും തന്‍റെ ആദര്‍ശത്തില്‍നിന്ന് വ്യതിചലിക്കാത്ത നേതാവ്. അടിയന്തിരാവസ്ഥയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തു.  അദ്ദേഹത്തിന്‍റെ എളിമയും വിനയവും ഓര്‍മ്മിക്കപ്പെടേണ്ടതാണെന്നും മോദി പറഞ്ഞു. നഷ്ടമായത് ഉന്നത ശീര്‍ഷനായ നേതാവിനെയാണെന്നും പ്രധാനമന്ത്രി സ്മരിച്ചു. 

അടിയന്തിരാവസ്ഥ കാലത്ത് ജാനാധിപത്യത്തിന്‍റെ കാവലാളായിരുന്നു ഫെര്‍ണാണ്ടസെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. നീതിക്കായി പോരാടിയ നേതാവെന്ന് ബീഹാര്‍ മുഖ്യമന്ത്രി  നിതീഷ് കുമാറും ജോര്‍ജ് ഫെര്‍ണാണ്ടസിന്‍റെ ധൈര്യവും സത്യസന്ധതയും പ്രചോദനമായിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ എം പിയും ട്വീറ്റ് ചെയ്തു. 

തൊഴിലാളികളുടെ അവകാശത്തിനു വേണ്ടി നിലകൊണ്ട നേതാവാണ് ജോര്‍ജ് ഫെര്‍ണാണ്ടസെന്ന് അഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിംഗ് ഓര്‍മ്മിച്ചു. രാജ്യത്തിനു സമർപ്പിച്ച ജീവിതമായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസിന്‍റേതെന്ന് നിധിൻ ഗഡ്കരിയും അദ്ദേഹത്തെ കുറിച്ച് സ്മരിച്ചു. അദ്ദേഹമായിരുന്നു തന്‍റെ ഹീറോ. രാജ്യത്തിന് നഷ്ടമായത് മകനെയാണെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു. 

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സുബ്രഹ്മണ്യം സ്വാമി, കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു, രാജ്യവര്‍ദ്ധന്‍ റാത്തോര്‍, രവിശങ്കര്‍ പ്രസാദ്, മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവരും ജോര്‍ജ് ഫെര്‍ണാണ്ടസിനെ അനുസ്മരിച്ചു. 

Follow Us:
Download App:
  • android
  • ios