മസ്കറ്റ്: മോചിതനായതില്‍ ദൈവത്തിനു നന്ദിയെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍ പ്രതികരിച്ചു. ഒമാന്‍ ഭരണാധികാരിക്കും തന്റെ മോചനത്തിനായി പ്രാര്‍ഥിച്ചവര്‍ക്കും നന്ദി പറയുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാദര്‍ ഉഴുന്നാലിനെ ഒമാന്‍ സൈന്യത്തിന്റെ വിമാനത്തിലാണ് മസ്കത്തിലെത്തിയത്. മസ്കറ്റില്‍ വെച്ചാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഓമാന്‍ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ നടന്ന മോചന ശ്രമങ്ങളെക്കുറിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയച്ചിന് ആദ്യം കാര്യമായ ധാരണയുണ്ടായിരുന്നില്ല. പിന്നീട് മോചനം സ്ഥിരീകരിച്ചുകൊണ്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ പ്രതികരിച്ചു. സന്തോഷ വാര്‍ത്തയാണ് കേള‍ക്കുന്നതെന്നായിരുന്നു സുഷമയുടെ ട്വീറ്റ്. ടോം ഉഴുന്നാലിലിന്റെ മോചനം ഏറെ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കേരളത്തില്‍ അദ്ദേഹത്തിന്റെ ചികിത്സകള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും സുരക്ഷിതമായ മടങ്ങി വരവില്‍ വിശ്വാസി സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും ആഹ്ലാദത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സന്തോഷത്തില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളോടൊപ്പം  പങ്കു ചേരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. മോദി സര്‍ക്കാരിന്റെയും സുഷമ സ്വരാജിന്റെയും ആത്മാര്‍ഥമായ ശ്രമങ്ങളുടെ ഫലമാണ് ഫാദര്‍ ഉഴുന്നാലിന്റെ മോചനമെന്നും  മലയാളികളുടെയും ഇന്ത്യന്‍ ഭരണകൂടത്തിന്റെയും വികാരങ്ങള്‍ ഉള്‍ക്കൊണ്ട് സന്ദര്‍ഭോചിതമായി ഇടപെട്ട ഒമാന്‍ സര്‍ക്കാരിന്റെ പങ്ക് അഭിനന്ദാര്‍ഹമാണെന്നും കുമ്മനം പറഞ്ഞു.