മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയതോടെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. മലപ്പുറം മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പച്ചക്കൊടികളുമായി പ്രവര്‍ത്തകര്‍ ആഹ്ലാാദരവം മുഴക്കി. മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചുമാണ് ആഘോഷം നടത്തിയത്. ബൈക്കുകളിലും വാഹനങ്ങളിലും റാലിയായി പ്രവര്‍ത്തകര്‍ നാടു ചുറ്റി തുടക്കം മുതലേ വ്യക്തമായ ലീഡുമായി യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി മുന്നേറിയതോടെ, വിജയമുറപ്പിച്ച മട്ടിലായിരുന്നു മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍. പാര്‍ട്ടി പതാകയുമായി നിരത്തിലിറങ്ങിയ ലീഗ് അണികള്‍ ആഘോഷത്തിലാണ്. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്‌തും പ്രിയ നേതാവിന്റെ വിജയം ലീഗ് പ്രവര്‍ത്തകര്‍ ആഘോഷമാക്കി മാറ്റി. അതേസമയം അമിത ആഹ്ലാദപ്രകടനം വേണ്ടെ എന്ന നിര്‍ദ്ദേശം പാര്‍ട്ടി അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്.