കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ലീഗ് പ്രവർത്തകരായ മൂന്ന് പേർക്ക് പരുക്ക്. കാക്കുനി പറമ്പത്ത് അബ്ദുള്ള മുസ്ലിയാർ എന്നയാളുടെ പറമ്പിലാണ് സ്ഫോടനം നടന്നത്. ബോംബ് ഉണ്ടാക്കുന്നതിനിടെ പൊട്ടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. 

സ്ഫോടനത്തിൽ അബ്ദുൾ മുസല്യാരുടെ മകൻ സാലിം, മുനീർ എന്നിവർക്കൊപ്പം ഒരാൾക്ക് കൂടി പരിക്കുണ്ട്. സാലിമിന്‍റെ കൈപ്പത്തി ആക്രമണത്തിൽ തകർന്നു. ഇയാളുടെ കൈപ്പത്തികൾ മുറിച്ച് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇവർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നതെങ്കിലും പൊലീസിൽ വിവരമറിയിക്കാതെ സ്ഥലമുടമകൾ സംഭവ സ്ഥലം വൃത്തിയാക്കിയതായി കുറ്റ്യാടി സി ഐ പറ‍ഞ്ഞു. ബോംബ് ഉണ്ടാക്കുന്നതിനിടെ പൊട്ടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.