തിരുവനന്തപുരം: കുട്ടികളിലെ കേള്‍വി വൈകല്യം പരിഹരിക്കാന്‍ സമഗ്ര പദ്ധതിയുമായി കേരള സര്‍ക്കാര്‍. കോക്ലിയാർ ഇംപ്ലാന്‍റ് കഴിഞ്ഞ കുട്ടികളുടെ തുടര്‍ ചികില്‍സയും പുനരധിവാസവും ഉറപ്പാക്കാന്‍ ധ്വനി പദ്ധതിയ്ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. കുട്ടികളിലെ കേൾവി വൈകല്യങ്ങൾ പരിഹരിക്കാനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി കാതോരം പദ്ധതിക്കും തുടക്കമിട്ടു.

ആദ്യകാലത്ത് കോക്ലിയാര്‍ ഇംപ്ലാന്‍റു ഘടിപ്പിച്ച കുട്ടികളില്‍ പലരുടേയും ഉപകരണത്തിന്‍റെ വാറന്‍റി കാലാവധി കഴിഞ്ഞു. ഈ കുട്ടികള്‍ തുടര്‍ ചികില്‍സയ്ക്ക് പ്രശ്നങ്ങള്‍ നേരിടുകയാണ് .ഇതൊഴിവാക്കാനാണ് ധ്വനി പദ്ധതി നടപ്പാക്കുന്നത്. ധ്വനി പദ്ധതിയിലൂടെ ശസ്ത്രക്രിയക്കുശേഷം ഉള്ള ചികിൽസയും പുനരധിവാസവും സർക്കാർ ഉറപ്പാക്കും. ഇതിനായി ഒന്നരക്കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ശ്രവണ വൈകല്യങ്ങള്‍ കണ്ടെത്താന്‍ നിലവിലുള്ള 45 സർക്കാർ ആശുപത്രികള്‍ക്കു പുറമേ 21 ഇടത്തുകൂടി സൗകര്യങ്ങളൊരുക്കും. 

ശ്രവണ വൈകല്യങ്ങളുള്ള കുട്ടികൾക്ക് ഇൻഷുറൻസ് നല്‍കുന്നത് പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി ഷൈലജ പറഞ്ഞു. ജനിച്ച ഉടൻ കുട്ടികളെ ശ്രവണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ക്രിക്കറ്റ് താരം ബ്രെറ്റ് ലീയും ആവശ്യപ്പെട്ടു. കുട്ടികള്‍ക്കുള്ള ശ്രവണ വൈകല്യം പരിഹരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ബ്രെറ്റ് ലീ.