വിദേശികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിനും പുതിയവ അനുവദിക്കുന്നതിനും വിദേശികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ വാടക കരാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് ഇന്നു ചേര്‍ന്ന മന്ത്രിസഭ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനാവശ്യമായ നടപടികള്‍ക്കായി തൊഴില്‍ സാമുഹ്യക്ഷേമ മന്ത്രാലയം, പാര്‍പിട മന്ത്രാലയം എന്നിവ തമ്മില്‍ കംപ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിക്കാനും മന്ത്രി സഭ നിര്‍ദേശിച്ചു. എല്ലാ വാടക കരാറുകളും പാര്‍പ്പിട മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ ശൃംഖലയായ ഈജാറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രിസഭാ ഉത്തരവില്‍ പറയുന്നു. ഈജാറില്‍ രജിസ്റ്റര്‍ ചെയ്യാത്ത വാടക കരാറുകള്‍ക്കു നിയമസാധുത ഉണ്ടാകില്ല.
കെട്ടിട വാടക കരാറുകള്‍ ഈജാറില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ട നിബന്ധനകള്‍ പാര്‍പ്പിട, നീതി-ന്യായ മന്ത്രാലയങ്ങള്‍ തയ്യാറാക്കും. തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിനു തൊഴിലാളികളുടെ താമസ്ഥലങ്ങളുടെ വാടക കരാര്‍ നിര്‍ബന്ധമാക്കുന്നതോടെ ഇനി സ്‌പോണ്‍സറില്‍ നിന്നും മാറി താമസിക്കുന്നതിനു വിശദീകരണ രേഖ സമര്‍പിക്കേണ്ടി വരും. സ്‌പോണ്‍സറില്‍ നിന്നും മാറി അനധികൃതമായി ജോലി ചെയ്യുന്നവര്‍ക്കും പുതിയ തീരുമാനം തിരിച്ചടിയാകും.
മന്ത്രിസഭയുടെ ഉത്തരവ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തൊഴില്‍, പാര്‍പ്പിട മന്ത്രാലയങ്ങള്‍ വരും ദിവസങ്ങളില്‍ വ്യക്തമാക്കും.
