Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനെ എതിര്‍ത്ത് ഇടതുപക്ഷവും തൃണമൂലും

left and trinamool oppose assembly and Lok Sabha elections hold simultaneously
Author
First Published Oct 5, 2017, 12:51 PM IST

ദില്ലി: അടുത്ത വർഷം അവസാനം ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തോട് വിജയോജിച്ച് ഇടതുപക്ഷവും തൃണമൂൽ കോൺഗ്രസും രംഗത്തു വന്നു. ഭരണഘടന ഭേദഗതിക്ക് പകരം തെരഞ്ഞെടുപ്പ് കമ്മീഷനെ കൊണ്ട് ഈ നീക്കം നടത്തുന്നത് ഉചിതമല്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

അടുത്ത വർഷം നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പും ഒന്നിച്ചു നടത്താൻ തയ്യാറാണെന്നാണ തെരഞ്ഞെടുപ്പ് കമ്മീഷണർ ഒപി റാവത്ത് ഇന്നലെ വ്യക്തമാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് 2019 ഏപ്രിൽ, മേയ് മാസങ്ങൾക്കു പകരം 2018 ഡിസംബറിൽ നടന്നേക്കുമെന്ന സൂചനയാണ് ഇത് നല്കുന്നത്. 2018 അവസാനം ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കേണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഇതിനൊപ്പം നടത്താൻ ഭരണഘടനാപരമായി തടസ്സമില്ല. കേന്ദ്രമന്ത്രിസഭ ചേർന്ന് ലോക്സഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്താൻ ശുപാർശ ചെയ്താൽ മതി. എന്നാൽ ലോക്സഭയ്ക്കൊപ്പം നടക്കേണ്ട ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന തെരഞ്ഞെടുപ്പുകൾ നേരത്തെയാക്കാനാവില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തോൽവി ലോക്സഭയ്ക്കു മുമ്പ് തിരിച്ചടിയാകും എന്നത് കൊണ്ടാണ് ഇവ ഒന്നിച്ചു നടത്താനുള്ള ആലോചന. എന്നാൽ എല്ലാ സംസ്ഥാനങ്ങളിലും ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പ് ഒന്നിച്ചു നടത്തുക എന്നതാണ് നരേന്ദ്ര മോദി നേരത്തെ മുന്നോട്ടു വച്ച നിർദ്ദേശം. ഇതിന് ഭരണഘടനാ ഭേദഗതി അനിവാര്യമാകും. നിലവിൽ ഇതിന് സാധ്യതയില്ല. ഭരണഘടന ഭേദഗതി ചെയ്യാതെ തെരഞ്ഞെടുപ്പ് കമ്മീഷനെ കൊണ്ട് ഇത്തരമൊരു നീക്കം നടത്തുന്നത് ഉചിതമല്ലെന്ന് ഇടതുപക്ഷവും തൃണമൂൽ കോൺഗ്രസും പ്രതികരിച്ചു. എന്നാൽ നിർദ്ദേശത്തോട് യോജിക്കുന്ന നിലപാടാണ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനുള്ളത്.

Follow Us:
Download App:
  • android
  • ios