ദില്ലി: നരേന്ദ്ര മോദിയെ ചെറുക്കാൻ ഇടതുപക്ഷത്തിന് മാത്രം കഴിയില്ലെന്ന് സിപിഐ കരടു രാഷ്ട്രീയപ്രമേയത്തിൽ വിലയിരുത്തൽ. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി ധാരണയ്ക്ക് എതിരുനില്ക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെടുന്ന സിപിഐ ഫാസിസം വന്നിട്ടില്ലെന്ന സിപിഎം നിലപാട് തള്ളി.

നരേന്ദ്ര മോദിയെ ചെറുക്കാൻ ഇടതുപാർട്ടികൾക്ക് മാത്രം കഴിയില്ലെന്ന് വിലയിരുത്തി സിപിഎം കേന്ദ്രകമ്മിറ്റിയിലെ ഭൂരിപക്ഷം അംഗീകരിച്ച നിലപാട് സിപിഐ തള്ളിക്കളഞ്ഞു. ഇന്ത്യയിൽ ഫാസിസം വന്നതായി വിലയിരുത്താനാവില്ലെന്നാണ് സിപിഎം നിലപാട്. എന്നാൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഫാസിസ്റ്റ് സർക്കാരാണെന്ന് സിപിഐ കരടു രാഷ്ട്രീയ പ്രമേയത്തിൻറെ രൂപരേഖ വിമർശിക്കുന്നു. വിഭാഗീയ നയങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. ഈ സർക്കാരിനെ താഴെ ഇറക്കിയേ മതിയാരൂ. ഇതിന് ആറു ഇടതുപാർട്ടികൾ ഒന്നിച്ചു നിന്നത് കൊണ്ടാവില്ല. 

എല്ലാ മതേതര പാർട്ടികളുടെയും ഐക്യം വേണം. ഇപ്പോൾ ഐക്യവും പൊതുനിലപാടും വേണമെന്നും തെരഞ്ഞെടുപ്പ് സഖ്യം ആ സമയത്ത് തീരുമാനിക്കാമെന്നും സിപിഐ പറയുന്നു. കേരളത്തിൽ എന്തായാലും കോൺഗ്രസുമായി സഖ്യം ഉണ്ടാക്കാനാവില്ല. എന്നാൽ തമിഴ്നാട്ടിലോ മധ്യപ്രദേശിലോ ആന്ധ്രാപ്രദേശിലോ മറ്റു മതേതര പാർട്ടികളുമായി ധാരണയുണ്ടാക്കാൻ ഇത് തടസ്സമാകേണ്ട കാര്യമില്ലെന്നാണ് സിപിഐയുടെ അഭിപ്രായം. 

സിപിഐ കേന്ദ്ര നേതൃത്വം തയ്യാറാക്കിയ നിലപാടിനെ കേരളനേതൃത്വവും പിന്തുണച്ചു. എന്നാൽ ഇടതു ഐക്യം തകരുന്ന രീതിയിൽ ഇത് നടപ്പാക്കരുത് എന്നായിരുന്നു കേരളനേതാക്കൾ മുന്നോട്ടു വച്ച നിർദ്ദേശം. ഇടതുപക്ഷത്തിന് ശക്തിയില്ലാത്ത സംസ്ഥാനങ്ങളിൽ സിപിഐക്ക് വ്യത്യസ്ഥ നിലപാട് എടുക്കേണ്ടി വന്നാൽ അത് സിപിഎമ്മിനെ ബോധ്യപ്പെടുത്തു. സിപിഐ നിലപാട് സിപിഎമ്മിലെ ചർച്ചകളെ സ്വാധീനിക്കും എന്ന പ്രതീക്ഷയും പാർട്ടിക്കുണ്ട്.