രാഹുൽ ഗാന്ധിയുടെ മൃദു ഹിന്ദുത്വനിലപാടിനെ ബിജെപി ആർഎസ്സ് നിലപാടുമായി താരതമ്യം ചെയ്യരുതെന്ന് പ്രഭാത് പട്നായിക്
ദില്ലി:ബിജെപി ഇന്ത്യയെ ഹിന്ദു പാകിസ്ഥാനാക്കും എന്ന കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ വാദത്തിന് ഇടതുപക്ഷ സൈദ്ധാന്തികരുടെ പിന്തുണ. രണ്ടാം വട്ടം ബിജെപി വന്നാൽ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ വ്യത്യാസമില്ലാതാകും എന്ന് ഇടതുപക്ഷ സൈദ്ധാന്തികനും സംസ്ഥാന ആസൂത്രണബോർഡ് മുൻഉപാധ്യക്ഷനുമായ പ്രഭാത് പട്നായിക് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
ഇപ്പോൾ ഒരു മതാടിസ്ഥാന രാജ്യമാകാനുള്ള അവരുടെ നീക്കത്തിന് തടസമുണ്ട്. വീണ്ടും അധികാരത്തിലെത്തിയാൽ തടസം നീങ്ങും. അപ്പോൾ പാകിസ്ഥാനുമായി ഒരു വ്യത്യാസവുമുണ്ടാവില്ല. ആരെങ്കിലും അമ്പലത്തിൽ പോകുന്നത് എന്നെ ആശങ്കപ്പെടുത്തുന്നില്ല. നിങ്ങൾ മതേതരത്വം സംരക്ഷിക്കുന്നുണ്ടോ അല്ലയോ എന്നതാണ് കാര്യം - പ്രഭാത് പട്നായിക് പറയുന്നു.
രാഹുൽ ഗാന്ധിയുടെ മൃദു ഹിന്ദുത്വനിലപാടിനെ ബിജെപി ആർഎസ്സ് നിലപാടുമായി താരതമ്യം ചെയ്യരുതെന്നും പ്രഭാത് പട്നായിക് ചൂണ്ടിക്കാട്ടുന്നു. ഹിന്ദിമേഖലയിലെ തിരിച്ചടി ഭയന്ന് കോൺഗ്രസ് ദേശീയനേതൃത്വം തള്ളുമ്പോഴാണ് ഇടതുപക്ഷ സൈദ്ധാന്തികരുടെ ഈ പിന്തുണ ശശിതരൂരിന് കിട്ടുന്നത്.
ന്യൂനപക്ഷ പിന്തുണ ആർജിക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷം ദേശീയനേതൃത്വത്തിൻറെ നിലപാട് ദുരുപയോഗം ചെയ്യാതിരിക്കാനാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം പിന്തുണ പ്രഖ്യാപിച്ചത്. സംഘപരിവാറിൻറെ ഫാസിസം ഊന്നിപറയാൻ സിപിഎം സീതാറാം യെച്ചൂരിയുടെ നയത്തെ അനുകൂലിക്കുന്ന ഇൗ വാക്കുകൾ ആയുധമാകുകയാണ്.
