കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഇടത് തൊഴിലാളി സംഘടനകളുടെ കൂട്ടായ്മ രൂപം കൊള്ളുന്നു. കോണ്‍ഗ്രസ് ബന്ധം സിപിഎമ്മിനുള്ളില്‍ തര്‍ക്കവിഷയമാകുമ്പോള്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയാണ് തൊഴിലാളി കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിനോടും ബിജെപിയോടും തുല്യ അകലം പാലിക്കുന്ന നിലവിലെ നയം മാറ്റുന്ന കാര്യം സിപിഎമ്മില്‍ തര്‍ക്കവിഷയമാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരടു രാഷ്‌ട്രീയ പ്രമേയത്തിനുള്ള ചര്‍ച്ചയ്‌ക്കായി അടുത്ത മാസം രണ്ടിന് വീണ്ടും പോളിറ്റ് ബ്യൂറോ ചേരുന്നുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂപീകരിക്കുന്ന തൊഴിലാളി സംഘടനാ കൂട്ടായ്മയിലും ഈ ആശയക്കുഴപ്പം പ്രകടമാണ്. ദേശീയ വിഷയങ്ങള്‍ ഉന്നയിച്ചുള്ള സമരത്തില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനകളെ മാറ്റിനിറുത്തിയാണ് ദില്ലിയില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. ഇടതു ജനാധിപത്യ ചേരി കരുത്തുറ്റതാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും തെരഞ്ഞെടുപ്പ് സഖ്യം പിന്നീട് ആലോചിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു

ബിജെപിയെ മുഖ്യശത്രുവായി കണ്ട് നയരൂപീകരണം നടത്തണം എന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ പോളിറ്റ് ബ്യൂറോയില്‍ നി‍‍ര്‍ദ്ദേശിച്ചത്. കര്‍ഷക ആത്മഹത്യ , തൊഴിലാളികള്‍ക്ക് കുറഞ്ഞ കൂലി, രൊഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കെതിരെ നടക്കുന്ന നീക്കം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളി കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.