തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണിയുടെ കേരള സംരക്ഷണ യാത്ര ഇന്ന് തുടങ്ങും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന തെക്കൻ മേഖല ജാഥ തിരുവനന്തപുരത്ത് നിന്നും തുടങ്ങും. കാനം രാജേന്ദ്രൻ നയിക്കുന്ന ജാഥ ശനിയാഴ്ച മഞ്ചേശ്വരത്ത് നിന്നാവും യാത്ര തുടങ്ങുക.

'ബിജെപി സര്‍ക്കാരിനെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് നേതാക്കളുടെ യാത്ര. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നണിയെ സജ്ജമാക്കുകയാണ് യാത്രകളുടെ ലക്ഷ്യം. ബിജെപിയെയും കോണ്‍ഗ്രസനേയും ഒരുപോലെ എതിര്‍ത്ത് എല്‍ഡിഎഫിന് പരമാവധി വോട്ട് ഉറപ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്‍റെ ഭാരണ നേട്ടങ്ങളും എണ്ണിപ്പറഞ്ഞാകും ജാഥകളുടെ പര്യടനം. തിരുവനന്തപുരത്ത് സിപിഐ ജനറള്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി യാത്ര ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരത്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയുമാണ് ജാഥകള്‍ ഉദ്ഘാടനം ചെയ്യുക. 

ജാഥാ ക്യാപ്റ്റന് പുറമേ പത്ത് ഘടകകക്ഷികളുടേയും പ്രതിനിധികള്‍ ഓരോ ജാഥയിലും അംഗങ്ങളായിരിക്കും. ജാഥകള്‍ക്കിടയിലും സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരും. ജാഥകള്‍ സമാപിക്കുന്നതോടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കാനാണ് നീക്കം. മാര്‍ച്ച് രണ്ടിനാണ് കൂറ്റൻ റാലിയോടെ ജാഥകള്‍ സമാപിക്കുന്നത്.