സിമന്റ് ചാക്കിൽ തൂക്കത്തിൽ കുറവ് ലീഗൽ മെട്രോളജി വകുപ്പിന്റെ റെയ്ഡ് ഇന്ത്യ സിമന്റ്സിന് 6.6 ലക്ഷം പിഴ
കൊച്ചി: സംസ്ഥാനത്ത് വിൽക്കുന്ന സിമന്റ് ചാക്കുകളിലെ തൂക്കത്തിൽ ലീഗൽ മെട്രോളജി വിഭാഗം ക്രമക്കേട് കണ്ടെത്തി. 50 കിലോയുടെ ചാക്കിൽ 1 മുതൽ 2.9 കിലോയുടെ വരെ കുറവാണ് വിവിധ ബ്രാൻഡുകളിൽ കണ്ടെത്തിയത്. ഓരോ ചാക്കിലും ഉപഭോക്താവിന് നഷ്ടമാകുന്നത് 8 മുതൽ 25 രൂപ വരെയാണ്.
400 മുതൽ 420 വരെയാണ് 50 കിലോയുടെ ഒരു സിമന്റ് ചാക്കിന്റെ കൊച്ചിയിലെ വില. ഓരോ ചാക്കിലും ഒരു കിലോ മുതൽ 2.9 കിലോ വരെ സിമന്റ് കുറവുണ്ടെന്നാണ് ലീഗൽ മെട്രോളജി വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. സംസ്ഥാനത്തിനകത്ത് പാക്ക് ചെയ്യുന്ന സിമന്റ് ചാക്കിൽ അളവിൽ വ്യത്യാസമില്ല. സംസ്ഥാനത്തിന് പുറത്ത് പാക്ക് ചെയ്യുന്നതിലാണ് അളവിൽ തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്.
ഉപഭോക്താക്കളുടെ നിരന്തരമായ പരാതിയെ തുടർന്നായിരുന്നു എറണാകുളം ജില്ലയിലെ സിമന്റ് ഫാക്ടറികളിലും ഗോഡൗണുകളിലും പരിശോധന നടത്തിയത്. 80 സാമ്പിളുകൾ പരിശോധിച്ചതിൽ 65 ലും ചാക്കിൽ സിമന്റിന്റെ അളവിൽ കുറവ് കണ്ടെത്തി. തൂക്കത്തിൽ വെട്ടിപ്പ് നടത്തിയതിന് പാക്കേജ്ഡ് കമോഡിറ്റി നിയമപ്രകാരം ഇന്ത്യ സിമന്റ് നിർമ്മാതാക്കൾക്ക് എതിരെ മെട്രോളജി വിഭാഗം കേസെടുത്തു. 6.5 ലക്ഷം രൂപ ഇവരിൽ നിന്ന് പിഴ ചുമത്തി.
