തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന രണ്ടാം ദിനവും നിയമസഭ നിര്‍ത്തിവച്ചു. സ്പീക്കര്‍ ഭരണപക്ഷത്തിന്‍റെ ഏറാന്‍മൂളിയാണെന്ന് ആരോപിച്ച് പ്രതിപക്ഷം സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. സഭ മാന്യമായി നടത്തികൊണ്ടു പോകാനുള്ള സാഹചര്യമില്ലെന്ന് കാണിച്ച് സ്പീക്കർ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ്, ആദിവാസി യുവാവ് മധു, മണ്ണാർക്കാട് യൂത്ത് ലീഗ് പ്രവർത്തകൻ സഫീര്‍ എന്നിവരുടെ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രിതപക്ഷം സഭയില്‍ പ്രതിഷേധം ആരംഭിച്ചത്. വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ തുടങ്ങിയപ്പോള്‍ മുതല്‍ കടുത്ത പ്രതിഷേധമാണ് നടത്തിയത്. 

ചോദ്യോത്തരവേളയോട് സഹകരിക്കാതെ മുദ്രാവാക്യം വിളികളുമായി സ്പീക്കറുടെ ഡയസ് വളഞ്ഞ പ്രതിപക്ഷാംഗങ്ങള്‍ ബാനറുകളും പ്ലാക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിഷേധം അറിയിച്ചത്. വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പലയാവര്‍ത്തി പറഞ്ഞെങ്കിലും ഇത് പ്രതിപക്ഷം അംഗീകരിച്ചില്ല.

ഇതിനിടെ ചോദ്യോത്തരവേള തുടങ്ങിയെങ്കിലും വൈദ്യുതി മന്ത്രി എംഎം മണി ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ആരംഭിച്ചു. ഈ വർഷം പവർ കട്ട് ഉണ്ടാകില്ലെന്നും അതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായും മുടങ്ങി കിടക്കുന്ന പദ്ധതികൾ പൂർത്തീകരിക്കുമെന്നും പ്രതിപക്ഷ പ്രതിഷേധത്തിനിടെ വൈദ്യുതി മന്ത്രി എംഎം മണി ചോദ്യോത്തരവേളയില്‍ പറഞ്ഞു.

ഇതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ പൊക്കിപ്പിടിച്ച് മുദ്രാവാക്യം വിളിച്ചു. സ്പീക്കറുടെ മുഖം മറച്ചുള്ള പ്രതിപക്ഷ പ്രതിഷേധം അനുവദിക്കാനാവില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ജനാധിപത്യത്തോടും സഭയോടും ബഹുമാനമുണ്ടെങ്കിൽ ഇത് അവസാനിപ്പിക്കണമെന്നുമുള്ല സ്പീക്കറുടെ ആവർത്തിച്ചുളള അഭ്യർത്ഥന പ്രതിപക്ഷം നിരസിച്ചു. ഇത് കീഴ്വഴക്കമില്ലാത്ത പ്രതിഷേധമാണെന്നും പിരിഞ്ഞു പോകണമെന്നും സ്പീക്കര്‍ റൂളിങ് നടത്തിയിട്ടും പ്രതിപക്ഷം പിന്തിരിഞ്ഞില്ല. 

ഒടുവില്‍ 8.40-ഓടെ ചോദ്യോത്തരവേള താത്കാലികമായി നിര്‍ത്തിവച്ച് സ്പീക്കര്‍ ഡയസ് വിട്ടു. ഇതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചു. പ്രതിപക്ഷ നേതാവുമായി സ്പീക്കര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സഭ വീണ്ടും ആരംഭിച്ചു. 

ചോദ്യോത്തരവേള തുടങ്ങിയതോടെ വീണ്ടും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ ശ്രദ്ധ ക്ഷണിക്കലിലേക്ക് സഭ നടപടികള്‍ കടന്നു. മറുപടികള്‍ മന്ത്രിമാര്‍ മേശപ്പുറത്ത് വച്ചു. 2018ലെ ധനവിനിയോഗ ബില്‍ ചര്‍ച്ചകൂടാതെ പാസാക്കി. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു. അടിയന്തിര പ്രമേയത്തിനും അനുമതി ലഭിച്ചില്ല. ഇതോയെ സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷം രംഗത്തെത്തിയത്.