കണ്ണൂർ: കണ്ണൂരില്‍ വീണ്ടും പുലി ഇറങ്ങി. ഇരിക്കൂറിനടുത്ത് ബ്ലാത്തൂരിലെ ജനവാസ കേന്ദ്രത്തിലാണ് പുലി ഇറങ്ങിയത്. വീട്ടുവളപ്പിലെ കിണറ്റില്‍ വീണ പുലി വനം വകുപ്പുദ്യോഗസ്ഥര്‍ എത്തിയപ്പോഴേക്കും പുറത്തുചാടി രക്ഷപെട്ടു.

ബ്ലാത്തൂരിലെ കര്‍ഷകനായ ചാക്കോയുടെ പറമ്പിലെ കിണറ്റിലാണ് പുലി വീണത്. റബ്ബര്‍ ടാപ്പിംഗിനെത്തിയ ചാക്കോതന്നെയാണ് പുലിയെ ആദ്യം കണ്ടത്. പുലിയെക്കണ്ട് ചാക്കോ ഓടിരക്ഷപ്പെടുകയായിരുന്നു.പിന്നാലെ ഓടിവന്ന പുലി കിണറ്റിലേക്ക് വീണു.

ചാക്കോ വിവരം അറിയിച്ചതിനെതുടര്‍ന്ന് പൊലീസും വനംവകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തിയപ്പോഴേക്കും പുലി കിണറ്റില്‍ നിന്നും പുറത്തുചാടി രക്ഷപെട്ടു.കിണറിലെ കാല്‍പാടും രോമവും പരിശോധിച്ച് വീണത് പുലിതന്നെയെന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

കഴിഞ്ഞ ഒരാഴ്ച്ചക്കിടെ സമീപ പ്രദേശങ്ങളില്‍ പലയിടങ്ങളിലായി നാട്ടുകാര്‍ പുലിയെ കണ്ടിരുന്നു. നാട്ടുകാരുടെ പരാതിയില്‍ പുലിയെ കണ്ടെത്താൻ വനം വകുപ്പ് നിരീക്ഷണം നടത്തിവരുന്നതിനിടയിലാണ് പുലി കിണറ്റില്‍ വീണതും പുറത്തുചാടി രക്ഷപെട്ടതും. പുലി വീണ്ടും ഇറഞ്ഞിയത് ഇരിക്കൂര്‍ മേഖലയില്‍ ഭീതി പരത്തിയിട്ടുണ്ട്.