പുലിയുടെ ചിത്രം യുവാവ് മൊബൈലില്‍ പകര്‍ത്തിയിരുന്നു ജനവാസമേഖലയില്‍ ഇതാദ്യമായാണ് പുലി പ്രത്യക്ഷപ്പെടുന്നത്

ഇടുക്കി: ഇടുക്കിയിലെ കെ.ഡി.എച്ച്.പി കന്നിമല എസ്റ്റേറ്റിലെ ടോപ്പ് ഡിവിഷനിലെ തേയിലക്കാട്ടിനരികില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയതായി തൊഴിലാളികള്‍. പുലിയുടെ സാന്നിധ്യം കണ്ടെത്തിയതോടെ തൊഴിലാളികള്‍ ആശയങ്കയിലാണ്. കന്നിമല സ്വദേശിയായ യുവാവ് പുലിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

ഇതാദ്യമാണ് എസ്റ്റേറ്റിലെ ജനവാസമേഖലയില്‍ പുലി പ്രത്യക്ഷപ്പെടുന്നത്. കന്നമല, പെരിയവര തുടങ്ങിയ എസ്റ്റേറ്റുകളില്‍ നിന്നായി ആറു പശുക്കളാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൂന്നാര്‍ ടൗണില്‍ നിന്നും വെറും നാലു കിലോമീറ്റര്‍ അകലെ മാത്രമാണ് കന്നിമല എസ്റ്റേറ്റ്.

കുണ്ടള സാന്‍ഡോസ്, മാട്ടുപ്പെട്ടി നെറ്റിമേട്, അരുവിക്കാട്, നമയക്കാട് കന്നിമല എന്നിവിടങ്ങളിലായി കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ 14 കന്നുകാലികള്‍ പുലികള്‍ക്കിരയായിരുന്നു. നിരവധി കന്നുകാലികളെ ആക്രമിച്ചിട്ടുണ്ടെങ്കിലും വനത്തിനുള്ളില്‍ തന്നെ കഴിഞ്ഞിരുന്ന പുലികള്‍ ജനവാസമേഖലകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. കാട്ടാനയുടെ ആക്രമണങ്ങളെ തടുക്കാനായി നിരവധി സുരക്ഷാനടപടികള്‍ വനംവകുപ്പ് സ്വീകരിച്ചുവരുന്നതിനിടയിലാണ് പുലിയുടെ സാന്നിധ്യം.