കുമിളി: പെരിയാര്‍ കടുവാസങ്കേതത്തോട് ചേര്‍ന്നുള്ള ജനവാസമേഖലയില്‍ പുലിയുടെ സാന്നിധ്യം. കൊല്ലം പട്ടട ഭാഗത്ത് ഒരാഴ്ച്ചക്കുള്ളില്‍ രണ്ടാം തവണയാണ് പുലി എത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
കൊല്ലം പട്ടട സ്വദേശി സാലിയുടെ വീട്ടുമുറ്റത്താണ് പുലിയുടേതെന്ന് സംശയിച്ച കാല്‍പാടുകള്‍ കണ്ടത്. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ഇത് പുലിയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സാലിയുടെ വീട്ടിലെ നായ മൃഗത്തിന്‍റെ കടിയേറ്റ് ചത്ത നിലയിലായിരുന്നു. ഇത് പുലിയുടെ കടിയേറ്റാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഏതാനം ദിവസങ്ങള്‍ക്കു മുന്‍പും ഈ ഭാഗത്ത് പുലിയുടെ സാനിധ്യം കണ്ടെത്തിയിരുന്നു.
ഹരിജന്‍ കോളനി ഉള്‍പ്പടെ അനവധി വീടുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണിവിടം. പുലിയാണെന്ന് സ്ഥിരീകരണം വന്നതോടെ ആളുകള്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. സ്ഥലത്ത് ക്യാമറ സ്ഥാപിക്കാനും, രാത്രികാല പട്രോളിംഗ് നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു.
