തൃശൂർ: അതിർത്തിയായ വാൽപാറയിൽ നാല് വയസുകാരനെ കൊന്ന പുലിയെ ഉടൻ കെണിവെച്ചു പിടികൂടുമെന്ന് കോയമ്പത്തൂരര്‍ ജില്ലാ കളക്ടര്‍. ഇതോടെ നാട്ടുകാര്‍ നടത്തി വന്ന റോഡ് ഉപരോധം അവസാനിപ്പിച്ചു. മരിച്ച സെയ്തലിന്‍റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ വനംവകുപ്പ് സഹായമായി നല്‍കും.

വാല്‍പ്പാറയില്‍ നാട്ടുകാരുട ഉപരോധസമരം ഫലം കണ്ടു. പ്രദേശവാസികളുടെ ഉറക്കം കെടുത്തിയിരുന്ന പുലിയെ പിടികൂടാൻ ഉടൻ നടപടി തുടങ്ങും. കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പുലിയെ പിടിക്കാനുളള കെണിയൊരുക്കാൻ തീരുമാമാനയി. ഇക്കാര്യം വാല്‍പ്പാറ തഹസീല്‍ദാര്‍ നാട്ടുകാരെ അറിയിച്ചു. ഇതോടെ രാവിലെ മുതല്‍ തോട്ടം തൊഴിലാളികളും മറ്റ് ഗ്രാമവാസികളും നടത്തിവന്ന റോഡ് ഉപരോധം അവസാനിപ്പിച്ചു.

വനംവകുപ്പ് പ്രഖ്യാപിച്ച മൂന്ന് ലക്ഷത്തില്‍ 50000രൂപ സെയ്തലിൻറെ കുടുംബത്തിന് കൈമാറി. ചൂട് കൂടുന്നതോടെയാണ് പുലിയും ആനയും കാടിറങ്ങി ജനവാസ മേഖലയിലേക്ക് എത്തുന്നത്. നിരന്തരം വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതിന്‍റെ കാരണത്തെ സമഗ്രമായ പഠനം വേണമെന്ന് ഈ രംഗത്തുളളവര്‍ അഭിപ്രായപ്പെടുന്നു

വാല്‍പ്പാറ, മലക്കപ്പാറ മേഖലകളില്‍ പുലിയുടെയും കാട്ടാനയുടെയും ശല്യം രൂക്ഷമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പുലിയുടെ ആക്രമണത്തില്‍ വാല്‍പ്പാറയില്‍ മൂന്നു പേരാണ് മരിച്ചത്.കഴിഞ്ഞ ദിവസമാണ് വീടിൻറെ മുൻവശത്ത് നിന്നിരുന്ന നാലു വയസ്സുകാരനെ പുലി കടിച്ചു കൊന്നത്.