കൊച്ചി: പുലിപ്പേടിയില്‍ മലയാറ്റൂര്‍ ഇല്ലിത്തോട് നിവാസികള്‍. കൂട്ടില്‍ കിടന്ന ആടിനെയും വളര്‍ത്തുനായയെയും പുലി കടിച്ചു കൊന്നു. മലയാറ്റൂര്‍ വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന ഇല്ലിത്തോട്ടിലെ ജനവാസ കേന്ദ്രത്തിലാണ് പുലിയിറങ്ങിയത്. കഴിഞ്ഞ ദിവസം ശശികുമാര്‍ എന്നയാളുടെ വീട്ടിലെത്തിയ പുലി കൂട്ടില് കെട്ടിയിട്ടിരുന്ന ആടിനെ കടിച്ചു തിന്നു.

രണ്ട് ദിവസം മുമ്പ് തൊട്ടടുത്ത ധ്യാന കേന്ദ്രത്തിലെ വളര്‍ത്തുനായയെയും പുലി കൊന്നു തിന്നിരുന്നു. പുലിപ്പേടിയില്‍ രാത്രി പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പുലിക്കൂട് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് വനം വകുപ്പ്. ഒന്നരക്കൊല്ലം മുമ്പും ഈ മേഖലയില്‍ പുലിയിറങ്ങിയിരുന്നു.

ഇല്ലിത്തോടിനോട് ചേര്‍ന്ന മേഖലയിലാണ് അന്ന് പുലിയിറങ്ങിയത്. തൊട്ടടുത്ത കണ്ണിമംഗലത്ത് പുലിക്കെണി സ്ഥാപിച്ച് വനം വകുപ്പ് പുലിയെ പിടികൂടിയിരുന്നു. ഒരിടവേളയ്‌ക്കുശേഷം ജനവാസ കേന്ദ്രത്തില്‍ പുലിയിറങ്ങിയതിന്റെ ഭീതിയിലാണ് ഇല്ലിത്തോട് നിവാസികള്‍.