രാത്രിയില്‍ നായകളെ പുലി ആക്രമിക്കുമായിരുന്നതിനാല്‍ പുള്ളിപ്പുലി ഇറങ്ങുന്ന പ്രദേശങ്ങളിലേക്ക് നായകള്‍ വരില്ലായിരുന്നു. സര്‍ജിക്കല്‍ സ്ട്രെെക്ക് നടത്തുമ്പോള്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നായകളുടെ സാന്നിധ്യമുണ്ടെന്ന് നേരത്തെ തന്നെ ബോധ്യമുണ്ടായിരുന്നു

പൂനെ: പാക് അതിര്‍ത്തി കടന്ന് ഇന്ത്യ 2016ല്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രെെക്കിനിടെ (മിന്നല്‍ ആക്രമണം) നായകളില്‍ നിന്ന് രക്ഷപ്പെടാന്‍ സെെന്യം പുള്ളിപ്പുലിയുടെ മലവും മൂത്രവും ഉപയോഗിച്ചെന്ന് മുന്‍ കരസേന മേധാവി കമാന്‍ഡര്‍ രാജേന്ദ്ര നിമ്പോര്‍ക്കര്‍.

പാക്കിസ്ഥാനില്‍ 15 കിലോമീറ്റര്‍ കടന്ന് എത്തിയാണ് ഇന്ത്യ മിന്നലാക്രമണം നടത്തിയത്. ബാജിറാവു പേഷ്വാ ശൗര്യ പുരസ്കാരം സ്വീകരിച്ച ശേഷം പൂനെയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ജിക്കല്‍ സ്ട്രെെക്ക് നടത്തിയതിലെ സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് ഈ പുരസ്കരം നല്‍കിയത്.

പാക് അതിര്‍ത്തിയിലെ നൗഷോരയിലെ ജെെവ വ്യവസ്ഥയെപ്പറ്റി പ്രത്യേകം പഠിച്ചിരുന്നതായി സെക്ടറില്‍ ബ്രിഗേഡ് കമാന്‍ഡറായിരുന്ന നിമ്പോര്‍ക്കര്‍ പറഞ്ഞു. രാത്രിയില്‍ നായകളെ പുലി ആക്രമിക്കുമായിരുന്നതിനാല്‍ പുള്ളിപ്പുലി ഇറങ്ങുന്ന പ്രദേശങ്ങളിലേക്ക് നായകള്‍ വരില്ലായിരുന്നു.

സര്‍ജിക്കല്‍ സ്ട്രെെക്ക് നടത്തുമ്പോള്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നായകളുടെ സാന്നിധ്യമുണ്ടെന്ന് നേരത്തെ തന്നെ ബോധ്യമുണ്ടായിരുന്നു. ആക്രമിക്കുന്നതിനായി പോകുന്നതിനിടെയുള്ള ഗ്രാമങ്ങള്‍ കടക്കുമ്പോള്‍ അവ കുരച്ച് ചാടാനുള്ള സാധ്യതയും മുന്നില്‍ കണ്ടു.

അതു കൊണ്ട് അവയെ പ്രതിരോധിക്കുന്നതിനായി മല-മൂത്ര വിസര്‍ജ്യങ്ങള്‍ കെെയില്‍ കരുതി. ഈ നീക്കം വലിയ വിജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഒരാഴ്ചക്കുള്ളില്‍ മിന്നലാക്രമണം നടത്താനാണ് നിര്‍ദേശിച്ചത്.

തന്‍റെ ട്രൂപ്പുകളുമായി ഒരാഴ്ച മുമ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെങ്കിലും സ്ഥലം വ്യക്തമാക്കിയില്ല. ആക്രമണത്തിന് ഒരു ദിവസം മുമ്പ് മാത്രമാണ് ഇക്കാര്യം പറഞ്ഞത്. അതിരാവിലെയുള്ള സമയമാണ് ഓപ്പറേഷന്‍ നടത്താനായി തെരഞ്ഞെടുത്തത്.

തീവ്രവാദികളുടെ സങ്കേതങ്ങള്‍ ഞങ്ങള്‍ കണ്ടെത്തി. അവരുടെ സമയക്രമങ്ങള്‍ പഠിച്ച ശേഷം 3.30ന് ആക്രമണം നടത്തുന്നതാണ് ഉചിതമെന്ന് തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.