ഇടുക്കി: മറയൂരിന്റെ അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട് പൊള്ളാച്ചിയില്‍ അന്താരാഷ്ട്രാ ബലൂണ്‍ ഫെസ്റ്റിവലിന് തുടക്കമായി. ഇത് നാലാം തവണയാണ് തമിഴ്‌നാട് വിനോദ സഞ്ചാരവകുപ്പ് സ്‌പോണ്‍സര്‍മാരുടെ സഹകരണത്തോടെ അന്താരാഷ്ട്രാ ബലൂണ്‍ പറക്കല്‍ നടത്തുന്നത്. പൊള്ളാച്ചി ശക്തിമില്‍ ഗ്രൗണ്ടില്‍ പൊള്ളാച്ചി സബ് കളക്ടര്‍ ഗായത്രി കൃഷ്ണന്‍ ബലൂണ്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അമേരിക്ക, നെതര്‍ലാന്റ്, ഫ്രാന്‍സ്, പോളണ്ട്, ജര്‍മ്മനി, ബെല്‍ജിയം എന്നിങ്ങനെ ആറ് രാജ്യങ്ങളില്‍ നിന്നെത്തിച്ച പന്ത്രണ്ട് ബലൂണുകളാണ് ചൂടുകാറ്റ് നിറച്ച് വാനിലുയര്‍ത്തിയത്.

ഇന്ത്യയില്‍ ആദ്യമായി ബലൂണ്‍ ഫെസ്റ്റ് നടത്തിയത് 2015 ല്‍ പൊള്ളാച്ചിയിലെ ഇതേ ഗ്രൗണ്ടിലായിരുന്നു. ആദ്യവര്‍ഷം 2000 പേര്‍ പങ്കെടുത്ത ബലൂണ്‍ ഫെസ്റ്റിവലില്‍ കഴിഞ്ഞ വര്‍ഷം പതിനെട്ടായിരം പേരാണ് പങ്കെടുത്തത്. ഇത്തവണ ഇത് അമ്പതിനായിരമായി ഉയരുമെന്ന് പ്രധാന സംഘാടകനും തമിഴ്‌നാട്ടില്‍ ആദ്യമായി ബലൂണ്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ച വ്യക്തിയുമായ ബെനഡിക്ട് സാവിയോ പറഞ്ഞു.

രാവിലെയും വൈകീട്ടും 5.30 മുതല്‍ 8.00 വരെയാണ് ബലൂണ്‍ വായുവില്‍ ഉയരുന്നത്. രാവിലെ സന്ദര്‍ശകര്‍ക്ക് ബലൂണില്‍ കയറി ആകാശപ്പറക്കല്‍ നടത്താന്‍ അവസരവുമുണ്ട്. ബലൂണില്‍ ആകാശപ്പറക്കല്‍ നടത്താനായി വിദേശരാജ്യങ്ങളായ യൂറോപ്പ്, ആഫ്രിക്ക, മലേഷ്യ, സിംഗപ്പൂര്‍, ബഹറൈന്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ബലൂണ്‍ സഞ്ചാരപ്രിയര്‍ പൊള്ളാച്ചിയിലെത്തിയിട്ടുണ്ട്.

വിദേശത്ത് നിന്ന് ബലൂണ്‍ വരുത്തി ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ 65 ലക്ഷത്തോളം രൂപ ചെലവ് വരുന്നുണ്ടെന്ന് സംഘാടകരില്‍ ഒരാളായ ബാബു പ്രസാദ് പറഞ്ഞു. കേരളത്തിലും ഇത്തരത്തിലൊരു ബലൂണ്‍ ഫെസ്റ്റ് സംഘടിപ്പിക്കണമെന്ന ആഗ്രഹത്തിലാണിദ്ദേഹമെന്ന് ബാബു പ്രസാദ് പറഞ്ഞു. ഈ മാസം പതിനാറിനാണ് ബലൂണ്‍ ഫെസ്റ്റിവല്‍ സമാപിക്കുന്നത്.

അന്താരാഷ്ട്രാ ബലൂണ്‍ ഫെസ്റ്റിനോടനുബന്ധിച്ച് പൊള്ളാച്ചി ശക്തിമില്‍ ഗ്രൗണ്ടില്‍ പറന്നുയരാന്‍ തയ്യാറെടുക്കുന്ന കൂറ്റന്‍ ബലൂണുകള്‍.